മോഡിയുടെ വിദേശ സന്ദര്‍ശനം, ഇന്ത്യയ്ക്ക് എന്ത് കിട്ടി? എന്തൊക്കെ നഷ്ടപ്പെട്ടു...

വിഷ്ണു എന്‍ എല്‍

ബുധന്‍, 20 മെയ് 2015 (15:36 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തി ഒരു വര്‍ഷത്തിന്റെ നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി സന്ദര്‍ശിച്ചത് 18 രാജ്യങ്ങളാണ്. 53 ദിവസമാണ് ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മോഡി മാറ്റിവച്ചത്. മോഡിയുടെ നിരന്തര യാത്രകള്‍ കാരണം നയതന്ത്ര ബന്ധം പുതുക്കാന്‍ രാഷ്ട്രപതി ഉള്‍പ്പടെയുള്ള രാജ്യത്തെ നേതാക്കള്‍ക്ക് വിദേശ സന്ദര്‍ശനത്തിനുള്ള തുക ആറ്മാസം കൊണ്ട് തീരുകയും ഈ ഇനത്തില്‍ കൂടുതല്‍ തുക വിദേശകാര്യ മന്ത്രാലയത്തിന് അനുവദിക്കേണ്ടതായും വന്നു. ഇതൊക്കെയാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് കാരണം. അതേസമയം മോഡിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്ക് പുറത്ത്വരാന്‍ ഇരിക്കുന്നതേയുള്ളു. പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നതിലും അധികമാണ് ചെലവഴിക്കേണ്ടതായി വന്നിട്ടുള്ളതെന്നാണ് വിവരം. ഏകദേശ്ം 600 കോടിക്ക് മുകളിലാണ് മോഡിയുടെ യാത്രാ ചെലവെന്നാണ് കണക്കാക്കുന്നത്.

മോഡിയുടെ യാത്രകൊണ്ട് രാജ്യത്തിന്റെ ഖജനാവ് കാലിയായെന്നും പ്രധാനമന്ത്രി ഇന്ത്യ എന്നാണ് സന്ദര്‍ശിക്കുന്നത് എന്നും ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സത്യത്തില്‍ എന്താണ് മോഡിയുടെ വിദേശ സന്ദര്‍ശനത്തിലെ നയതന്ത്ര നീക്കം എന്ന് പലര്‍ക്കും അറിയില്ല. നരേന്ദ്ര മോഡിയുടെ 45 ദിവസത്തെ വിദേശ യാത്രകൾകൊണ്ട് ഇന്ത്യ എന്ത് നേടി ? ഈ ചോദ്യം പലരും ചോദിക്കുന്നു. മാധ്യമങ്ങള്‍ മറക്കുന്നതും എന്നാല്‍ ലോക രാജ്യങ്ങള്‍ ശ്രദ്ധിക്കുന്നതുമായ നീക്കമാണ് ഇന്ത്യയുടെ പുതിയ ഭരത്തലവന്റേത് എന്ന കാര്യം പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ അവഗണിക്കുന്നു.

മോഡിയുടെ വിദേശ സന്ദര്‍ശനത്തിലെ നേട്ടങ്ങളും കോട്ടങ്ങളുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഒരു രാജ്യം വികസിത രാജ്യമായി മാറണമെങ്കിൽ ആ രാജ്യത്തെ ഉല്പാദനം വർദ്ധിക്കുക വളരെ അത്യാവശ്യമാണ് .ഉത്‌പാദന വർധനവിലൂടെ മാത്രമേ കയറ്റുമതി വര്ധിക്കുകയുള്ളൂ. ഇറക്കുമതിയെക്കാൾ കയറ്റുമതിയാണ് ഒരു രാജ്യത്തിനു വേണ്ടത്. പക്ഷെ , ഇന്ത്യയെ സംബന്ധിച്ചിടത്തോളം പെട്രോൾ ഉൾപ്പെടെ പലകാര്യങ്ങളും നമുക്ക് ഇല്ലാത്തതുകൊണ്ട് തന്നെ ഇറക്കുമതി ഒരു പരിധിയിലധികം കുറയ്ക്കുക സാധ്യമല്ല .പിന്നെ ചെയ്യാനുള്ളത് കയറ്റുമതി വർധിപ്പിക്കുക എന്ന തന്ത്രം മാത്രമാണ് . ഇതിന് ആകെ ചെയ്യേണ്ടകാര്യം പൊതുമേഖലോടൊപ്പം തന്നെ രാജ്യത്ത് സ്വകാര്യ കമ്പനികളെ ശക്തിപ്പെടുത്തുകയോ വിദേശ കമ്പനികള്‍ക്ക് രാജ്യത്ത് ഉത്പാദനം നടത്താനുള്ള അവസരമൊരുക്കുകയോ ആണ്.

വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തി പ്രവര്‍ത്തനം ആരംഭിച്ചാല്‍ അത് കയറ്റുമതി വര്‍ദ്ധിക്കാനും രൂപയുടെ മൂല്യം വര്‍ദ്ധിക്കാനും ഇടയാക്കും .ഇത് വ്യാപാര കമ്മി കുറയ്ക്കും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുരക്ഷിതമാകുകയും ചെയ്യും. കൂടാതെ നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തില്‍ ഒപ്പിട്ട കരാറുകള്‍ക്ക് പുറമെ അദ്ദേഹം ആ രാജ്യങ്ങളിലെ വ്യവസായ പ്രമുഖരെ പ്രത്യേകം കണ്ടതും ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് രാജ്യത്ത് നിക്ഷേപം നടത്തിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. ഇത് ഓരൊ രാജ്യത്തു ചെന്നപ്പോഴും പ്രത്യേകം ശ്രദ്ധിക്കപ്പെട്ട കാര്യങ്ങളാണ്. ഇതുവഴി ഓരോ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന വിദേശ നിക്ഷേപങ്ങള്‍ക്ക് പുറമെ പരോക്ഷ നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും.

ഖജനാവിൽ പരമാവധി ധനം സമാഹരിക്കുക. പരമാവധി രാജ്യങ്ങളുമായി സഹകരണ കരാറുകൾ ഉണ്ടാക്കുക. വിദേശ പണം ഇന്ത്യയില്‍ എത്തിക്കുക തുടങ്ങിയവയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശങ്ങളുടെ ലക്ഷ്യം. മോഡിയുടെ 53 ദിവസത്തെ യാത്രകൊണ്ട് നേരിട്ടുള്ള വിദേശ നിക്ഷേപം ഉറപ്പാക്കുന്ന കരാറുകളില്‍ പല വന്‍‌ശക്തി രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്.  ഇത് പ്രകാരം ആകദേശം 20,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം പല രാജ്യങ്ങളില്‍ നിന്നായി ഇന്ത്യയിലേക്കെത്തും. ഇത് തന്നെ ഒരു നേട്ടമാണ്. കാരണം ഇന്ത്യ ഇത്രയും ന്നാള്‍ നേടിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിക്കുന്ന കാലയളവാണിത്. എന്നാല്‍ ഇത് മൊഡിയുടെ സന്ദര്‍ശനം എന്നതിനു പുറമെ ഭരണസ്ഥിരതയുള്ള ഒരു രാജ്യത്തിന് ലഭിക്കുന്ന അംഗീകാരം മാത്രമായി കണ്ടാല്‍ മതി.

ഇന്ത്യ എക്കാലവും ഉന്നയിച്ചിരുന്നതാണ് യു‌എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുള്ള അവകാശം. ഇതിന് എല്ലാക്കാലവും പാരവച്ചിരുന്നത് അമേരിക്കയും ചൈനയുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിദേശ സന്ദര്‍ശനങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടുകളിലേക്ക് ഈ രാജ്യങ്ങളെ മാറ്റാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഊര്‍ജ്ജ മേഖല ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇറ്റ്നിനെ മറികടക്കാന്‍ ഇന്ത്യ പ്രതിഷേധങ്ങള്‍ക്കിടയിലും ആണവോര്‍ജത്തേയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇതിന് ആവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയം ഇന്ധനം ഇന്ത്യയ്കില്ല. എന്നാല്‍ ഇത് ഏറെയുള്ള കാനഡയില്‍ നിന്ന് അത് നേടിയെടുക്കാന്‍ ഇന്ത്യക്കായി. ആണവ നിലയങ്ങൾക്ക് 500 ടണ് യുറേനിയം നല്കാൻ ഫ്രാൻസുമായും ഇന്ത്യ കരാര്‍ ഒപ്പിട്ടു.

ബദ്ധ വൈരിയായ ചൈന പോലും 20 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്താമെന്ന് സമ്മതിക്കുന്ന കരാറുകളില്‍ ഒപ്പിട്ടു എന്നത് ശ്രദ്ദേയമാണ്. സാമ്പത്തികമായി മാത്രമല്ല നയതന്ത്രപരമായും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ വിശാലമാക്കാന്‍ മോഡിയുടെ സന്ദര്‍ശനം വഴി സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ രാജ്യങ്ങളായ ശ്രീലങ്ക. മൌറീഷ്യസ്, തുടങ്ങിയ രാജ്യങ്ങളില്‍ ചൈനയുടെ ആധിപത്യം കുറയ്ക്കാന്‍ ഇന്ത്യയ്ക്കായി, അതിര്‍ത്തി രാജ്യങ്ങളായ നേപ്പാളിലും ഭൂട്ടാനിലും പോലും കടന്നുകയറാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് തടയിടാനും ഇന്ത്യയ്ക്ക് ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളില്‍ ചൈനയ്ക്ക് താല്പര്യമുള്ളതുപോലെ ചൈനയുടെ അതിര്‍ത്തികളില്‍ ഇന്ത്യക്കും താല്പര്യമുണ്ട് എന്ന് ചിനയെ ഇന്ത്യ വ്യ്ക്തമായി ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ സന്ദേശം ചൈനയ്ക്ക് നല്‍കുന്നതിനായാണ് പ്രധാനമന്ത്രി മംഗോളിയ സന്ദര്‍ശിച്ചത്. അവിടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചതും ലോക രാജ്യങ്ങള്‍ കൌതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഈ നയതന്ത്ര നീക്കങ്ങള്‍ കൊണ്ട്  പ്രധാനമന്ത്രി അന്താരാഷ്ട്ര നേതൃത്വത്തിലേക്ക് എത്തണമെന്ന് യു‌എന്‍ സെക്രട്ടറി ജനറന്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെടുക പോലുമുണ്ടായി.

അതേസമയം മോഡിയുടെ സന്ദര്‍ശനം കൊണ്ട് ഉണ്ടായ പ്രശ്നങ്ങളും ചില്ലറയല്ല. 634 കൊടി രൂപയാണ് ഇന്ത്യന്‍ ഖജനാവില്‍ നിന്നും പ്രധാനമന്ത്രിക്കായി നീക്കി വയ്ക്കേണ്ടി വന്നത്. 60,000 കോടി രൂപ ചൈനീസ് കമ്പനികള്‍  ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും ചൈന തന്നെ അത് നിഷേധിക്കുകയും ചെയ്തു. അടിസ്ഥാന സൌകര്യ മേഖലകളില്‍ ഇന്ത്യ ഇപ്പോഴും പുറകില്‍ തന്നെയാണ്. ഇത് പരിഹരിക്കാത്തിടത്തോളം കാലം ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഒരു രാജ്യവും തയ്യാറാവുകയും ഇല്ല. ഇന്ത്യയില്‍ ഊര്‍ജ പ്രതിസന്ധിയുണ്ട്‌. മികച്ച റോഡുകളും അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവവും പ്രശ്‌നമായി തുടരുന്നു. ഇതിന്റെ പശ്‌ചാത്തലത്തില്‍ എങ്ങനെ വന്‍നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയും? മോഡി മുന്നോട്ടുവച്ച മികച്ച പദ്ധതികളെ സംസ്‌ഥാന സര്‍ക്കാരുകള്‍ തടയുന്നതും പ്രശ്നങ്ങളാണ്.

മോഡിയുടെ വിദേശ യാത്രകളിലെല്ലാം അദാനിയും ഒപ്പമുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. സി ബി ഐയുടെ നോട്ടപ്പുള്ളിയായ വ്യവസായിയാണ് അദാനി. ഈ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശ പര്യടനങ്ങളില്‍ നിര്‍ണ്ണായക മീറ്റിംഗുകളില്‍ ഡെലിഗേറ്റുകള്‍ക്കൊപ്പം പങ്കെടുക്കുന്നത്. മോഡിയോടൊപ്പം ഹോട്ടലിലെ ലിഫ്റ്റില്‍ സഞ്ചരിക്കുകമാത്രമല്ല, അദാനിയെ പ്രധാനമന്ത്രിയുടെ സ്യൂട്ടിലും കണ്ടിട്ടുണ്ട്. 'പ്രധാനമന്ത്രിക്കായി ബുക്ക് ചെയ്യുന്ന ഹോട്ടലിലെ അതേ ഫ്‌ളോറില്‍ തന്നെ അദാനിയും താമസിക്കുന്നു എന്നതാണ് അതിശയകരം. സുരക്ഷാ കാരണങ്ങളാല്‍, പ്രധാനമന്ത്രി താമസിക്കുന്ന ഫ്‌ളോറിലെ എല്ലാ റൂമുകളും ഇന്ത്യന്‍ സര്‍ക്കാര്‍ ബുക്ക് ചെയ്യുകയാണ് പതിവ്. അതുകൊണ്ടുതന്നെ, അദാനിയുടെ താമസത്തിന്റെ ചെലവും സര്‍ക്കാര്‍ ചെലവില്‍ തന്നെ,' ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

മോഡി പോകുന്നത് അമേരിക്കയിലേക്കോ ഓസ്‌ട്രേലിയയിലേക്കോ, ബ്രസീലിലേക്കോ ജപ്പാനിലേക്കോ എവിടെയ്ക്കുമാകട്ടെ. അദാനിയുമുണ്ട് അദ്ദേഹത്തോടൊപ്പം. മോഡി ന്യൂയോര്‍ക്കില്‍ ആയിരുന്നപ്പോള്‍ മോഡി താമസിച്ചിരുന്ന ന്യൂയോര്‍ക്ക് പാലസ് ഹോട്ടലിലാണ് അദാനിയും താമസിച്ചത്. യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയില്‍ മോഡി നടത്തിയ പ്രസംഗത്തില്‍ അദാനിയും പങ്കെടുത്തിരുന്നു. ഇതൊക്കെ സംശയത്തിന്റെ മുനകൂടുതല്‍ ബലപ്പെടുത്താനെ ഉപകരിക്കൂ.

വെബ്ദുനിയ വായിക്കുക