ചുവപ്പില്‍ കണ്ണെറിയുന്ന മാണി ഭയക്കുന്നത് ഒരാളെ മാത്രം; അണിയറനീക്കങ്ങളുമായി കോണ്‍ഗ്രസ് - നേട്ടം കൊയ്‌ത് സിപിഎം

വ്യാഴം, 4 മെയ് 2017 (16:34 IST)
സംസ്ഥാന രാഷ്‌ട്രീയത്തില്‍ വരാനിരിക്കുന്ന ചടുലമായ രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ് (എം). കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വഴിയാധാരമാക്കിയ കെഎം മാണി കോണ്‍ഗ്രസിന്റെ നെഞ്ചത്ത് ആണിയടിച്ചിരിക്കുകയാണ്.

യുഡിഎഫുമായി ഉടക്കി നില്‍ക്കുന്ന മാണി, കോണ്‍ഗ്രസിന് നല്‍കിയ മധുരപ്രതികാരമായിരുന്നു കോട്ടയത്ത് കണ്ടത്. ഇടതുപാളയത്തിലേക്കെന്ന പ്രതീതിയുണ്ടാക്കി കോണ്‍ഗ്രസിനെ നിലയ്‌ക്കു നിര്‍ത്തുക എന്ന തന്ത്രമാണ് മാണിക്കുള്ളത്. അതിനുള്ള ആദ്യപടിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നാട്ടില്‍ അദ്ദേഹം പുറത്തെടുത്തത്.

എന്നാല്‍, ഇടതുപാളയത്തിലേക്കുള്ള യാത്രയില്‍ മാണി ഭയക്കുന്നത് പിജെ ജോസഫിനെ മാത്രമാണ്. പാര്‍ട്ടി പിളരുമെന്ന സന്ദേഹം പോലും അദ്ദേഹത്തിനുണ്ട്. കോട്ടയത്തെ സംഭവത്തില്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ച ജോസഫിന്റെ നിലപാട് കോണ്‍ഗ്രസിന് നേട്ടമാണ്. മാണിയുടെ നിലപാട് മയപ്പെടുത്തലും ഇതിന്റെ ഭാഗമാണ്. മാണിയും മകന്‍ ജോസ് കെ മാണിയും മാത്രമാകും കേരളാ കോണ്‍ഗ്രസില്‍ അവശേഷിക്കുകയെന്നും അതിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നുമുള്ള ഫ്രാന്‍‌സിസ് ജോര്‍ജിന്റെ പ്രസ്‌താവന പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു.

ജോസഫിന്റെ നിലപാടുകളെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തി മാണിയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. ഇക്കാര്യമാണ് ഫ്രാന്‍‌സിസ് ജോര്‍ജ് വെളിപ്പെടുത്തിയതും. ഈ നീക്കം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമവും അണിയറയില്‍ ആരംഭിച്ചു. അതിന്റെ ആദ്യ ഭാഗമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ളവര്‍ മാണിക്കെതിരെ തിരിയാനുള്ള കാരണം.

പഴയ ജോസഫ് വിഭാഗത്തെ പൂര്‍ണമായി യുഡിഎഫില്‍ എത്തിക്കുന്നതിനൊപ്പം കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, ചങ്ങനാശേരി എംഎല്‍എ സി എഫ് തോമസ്, കാഞ്ഞിരപ്പള്ളി  എംഎല്‍എ ഡോ. എന്‍ ജയരാജ് എന്നിവരെ ഒപ്പം നിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോട്ടയം വിഷയം കത്തിച്ച് മാണിയേയും ജോസഫിനെയും തെറ്റിക്കുക എന്ന പദ്ധതിയും യുഡിഎഫിനുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ട് പോകവെ അഭിമാനത്തിനേറ്റ ക്ഷതമായിട്ടാണ് കോട്ടയം സംഭവത്തെ കോണ്‍ഗ്രസ് കാണുന്നത്. ഒമ്പതിന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെതിരെ എടുക്കേണ്ട നിലപാടാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. മാണിയെ ഒറ്റപ്പെടുത്തി ജോസഫിനെ കൂടെ നിര്‍ത്തുക എന്ന ആശയമായിരിക്കും യോഗത്തില്‍ ഉടലെടുക്കുക.

കോട്ടയത്തു നടന്നതു പ്രാദേശിക നീക്കമാണെന്നും ഒരു മുന്നണിയുമായും അമിതമായ അടുപ്പമോ അകല്‍ച്ചയോ ഇല്ലെന്നും കെഎം മാണി വ്യക്തമാക്കുമ്പോഴും ഇടതുമുന്നണിയില്‍ സാഹചര്യം മോശമാണ്. കേരളാ കോണ്‍ഗ്രസുമായുള്ള ബാന്ധവത്തില്‍ സിപിഐ ഉയര്‍ത്തുന്ന കടുത്ത എതിര്‍പ്പാണ് സിപിഎമ്മിനെ വലയ്‌ക്കുന്നത്. കൂടാതെ നേരത്തെ ബാര്‍ കോഴ വിഷയത്തില്‍ മാണിക്കെതിരെ ഉയര്‍ത്തിയ നിലാപാടുകള്‍ ഇത്ര പെട്ടന്ന് മറന്നുകൊണ്ട് മറ്റൊരു തീരുമാനമെടുക്കാന്‍ സിപിഎമ്മിന് സാധ്യവുമല്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്യാന്‍ ഇടതിനെ സഹായിച്ചത് മാണിയുടെ പേരിലുയര്‍ന്ന ബാര്‍ കോഴക്കേസായിരുന്നു. അന്ന് നിയമസഭയിലും പുറത്തും നടത്തിയ പ്രതിഷേധങ്ങള്‍ സിപിഎമ്മിന് മുന്നില്‍ ഇപ്പോള്‍ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. മാണിയുമായുള്ള ബന്ധത്തില്‍ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവരില്‍ നിന്ന് പ്രതിഷേധസ്വരം ഉയരുന്നതും കോടിയേരി ബാലകൃഷ്‌ണനെ ഭയപ്പെടുത്തുന്നുണ്ട്.

അതേസമയം, കേരളാ കോണ്‍ഗ്രസ് എങ്ങോട്ട് തിരിഞ്ഞാലും നേട്ടം സിപിഎമ്മിന് തന്നെയാണ്. ദേശീയതലത്തില്‍ ദുര്‍ബലമായ കോണ്‍ഗ്രസിന്റെ മധ്യകേരളത്തിലെ ശക്തി മാണി വിഭാഗമാണ്. കോട്ടയം വിഷയത്തില്‍ കോണ്‍ഗ്രസ് മാണിയുമായി ബന്ധം വേര്‍പെടുത്തിയ സാഹചര്യത്തില്‍ ഈ മേഖലകളില്‍ ഇടതിന് നേട്ടമാകും. കേരളാ കോണ്‍ഗ്രസ്  ഇടതുമുന്നണിയുടെ ഭാഗമാണെന്ന പ്രതീതി ഇപ്പോഴുണ്ട്. പരോക്ഷമായി ഈ സാഹചര്യം മുതലെടുക്കാന്‍ ഇടതിന് സാധിക്കും.

വെബ്ദുനിയ വായിക്കുക