നേതൃത്വമില്ല, കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയില്‍

സുബിന്‍ ജോഷി

വ്യാഴം, 7 ജനുവരി 2021 (08:31 IST)
ദേശീയരാഷ്ട്രീയത്തില്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി കടന്നുപോകുന്നത്. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റാകാന്‍ താന്‍ തയ്യാറല്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്നു. രാഹുല്‍ തന്നെ പ്രസിഡന്‍റാകണമെന്ന നിലപാടില്‍ പാര്‍ട്ടിയും.
 
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ പ്രസിഡന്‍റായാല്‍ പാര്‍ട്ടിയില്‍ ഐക്യം നഷ്ടപ്പെടുമെന്നാണ് വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അവര്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം തുടരുന്നു.
 
എന്നാല്‍ അധ്യക്ഷപദം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ലെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണമെന്ന അഭിപ്രായം ഗുലാം നബി ആസാദ് നേതൃത്വം നല്‍കുന്ന വിമത ഗ്രൂപ്പിനുണ്ട്.
 
സോണിയ ഗാന്ധി അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത് പാര്‍ട്ടിയെ മുന്നോട്ടു നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും രാഹുല്‍ അത് കാര്യമായി എടുത്തിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ പ്രസിഡന്‍റാകട്ടെ എന്ന നിലപാടാണ് രാഹുലിന്.
 
രാഹുലിന് പറ്റില്ലെങ്കില്‍ പ്രിയങ്ക ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. എന്തായാലും നേതൃത്വമില്ലാതെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍