പ്രണയാഭ്യര്‍ഥന നിരസിച്ചു; കോയമ്പത്തൂരില്‍ മലയാളി യുവതിയെ സുഹൃത്ത് കുത്തി പരുക്കേല്‍പ്പിച്ചു
ചൊവ്വ, 25 ജൂണ്‍ 2019 (20:05 IST)
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കോയമ്പത്തൂരില്‍ മലയാളി യുവതിയെ യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു. പാലക്കാട് സ്വദേശിനി അമൃതയ്‌ക്ക് നേര്‍ക്കാണ് നടുറോഡില്‍ വെച്ച് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയെ ആക്രമിച്ച പാലക്കാട് സ്വദേശി സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ഇരുവരും പരിചയക്കാരാണ്.
സുരേഷും അമൃതയും ഷൊര്‍ണൂരില്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഇതിനിടെ സുരേഷ് അമൃതയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. വീട്ടുകാര്‍ സമ്മതിക്കില്ലെന്ന കാരണത്താല്‍ യുവതി അഭ്യര്‍ഥന നിരസിച്ചു. ജോലി ലഭിച്ച ആമൃത ആറ് മാസം മുമ്പ് കോയമ്പത്തൂരില്‍ എത്തി.
ടിവി സ്വാമി റോഡിലെ ഓഫീസില്‍ നിന്ന് അമൃത ഇറങ്ങി വരുമ്പോള്‍ സുരേഷ് സംസാരിക്കാനെന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തി. സംസാരിക്കാന്‍ തയ്യാറാകാതെ മുന്നോട്ട് പോയ അമൃതയുടെ വയറ്റില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സുരേഷ് കുത്തുകയായിരുന്നു.
ഓടി കൂടിയ ആളുകള്‍ സുരേഷിനെ പിടികൂടി ആര്‍എസ് പുരം പൊലീസിനെ ഏല്‍പ്പിച്ചു. പരുക്കേറ്റ അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.