പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തീ കൊളുത്തി കൊന്നു, മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി!
ശനി, 20 ഏപ്രില്‍ 2019 (09:05 IST)
കര്‍ണാടകയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. കര്‍ണാടകയിലെ റായ്‌ചൂരിലെ മാണിക് പ്രഭുലേ ഔട്ടി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് 23കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ സുഹൃത്ത് സുദര്‍ശന്‍ യാദവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനും പീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 13 മുതലാണ് യുവതിയെ കാണാതായത്. കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇത് കേസ് വഴി തിരിച്ചു വിടാന്‍ തയ്യാറാക്കിയതാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നത്.
മകളെ സുദർശൻ ശല്യപ്പെടുത്തിയിരുന്നുവെന്നും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന് റായ്ച്ചൂർ എസ്പി ഡി കിഷോർ ബാബു പറഞ്ഞു.