ഇന്ത്യ കൊടുത്ത പണി; പാക് ടീമില്‍ തമ്മിലടി രൂക്ഷമെന്ന് റിപ്പോര്‍ട്ട് - മുന്നറിയിപ്പുമായി സര്‍ഫ്രാസ്

ചൊവ്വ, 18 ജൂണ്‍ 2019 (15:16 IST)
ഇന്ത്യക്കെതിരെ തോല്‍‌വി ഏറ്റുവാങ്ങിയതിന്റെ മാനക്കേടില്‍ നില്‍ക്കുന്ന പാകിസ്ഥാന്‍ ടീമില്‍ കാര്യങ്ങള്‍ ശരിയാകുന്നില്ല. ടീമില്‍ ഗ്രൂപ്പ് പോരും തര്‍ക്കവും രൂക്ഷമാണെന്നാണ് പാക് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യക്കെതിരായ മത്സരത്തില്‍ തോല്‍‌വിക്ക് കാരണം ഇമാദ് വാസിമിന്റെയും ഇമാം ഉള്‍ ഹഖിന്റെയും സമീപനങ്ങളാണെന്ന് ക്യാപ്‌റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞെന്നാണ് പാക് ടെലിവിഷന്‍ ചാനലായ സമാ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍ണായക മത്സരത്തില്‍ ഇരുവരും തനിക്ക് പിന്തുണ നല്‍കിയില്ലെന്നും ടീമില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ നീക്കം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

മുഹമ്മദ് ആമിറിന്റെയും ഇമാദ് വാസിമിന്റെയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ പാക് ടീമില്‍ ഉണ്ടെന്നാണ് മറ്റൊരു ചാനലായ ദുനിയ ആരോപിക്കുന്നത്. ഇരുവരും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളാണ് ടീമിന്റെ തോല്‍‌വിക്ക് കാരണമാകുന്നത്. മുതിര്‍ന്ന താരമായ ഷൊയ്‌ബ് മാലിക്കും ഗ്രൂപ്പ് കളിയുടെ നേതാവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സര്‍ഫ്രാസ് രംഗത്തുവന്നു. “കാര്യങ്ങള്‍ നമുക്ക് അനുകൂലമായി സംഭവിച്ചിട്ടില്ലെങ്കില്‍ ടീമിലുള്ള എല്ലാവരും പാക്കിസ്ഥാനി ജനതയോട് മറുപടി പറയേണ്ടി വരും. താന്‍ ഒറ്റയ്‌ക്കല്ല നാട്ടിലേക്ക് മടങ്ങുക” - എന്നും അദ്ദേഹം താരങ്ങളെ ഓര്‍മിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍