കെണിയില്‍ വീഴാത്ത കോഹ്‌ലി ചില്ലറക്കാരനല്ല; ഓസ്‌ട്രേലിയ ഇതൊന്നും പ്രതീക്ഷിച്ചില്ല, ഒരിക്കലും മറക്കുകയുമില്ല
വെള്ളി, 24 മാര്‍ച്ച് 2017 (14:52 IST)
ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പര ചൂടുപിടിച്ചിരിക്കുന്നു, ആരോപണങ്ങള്‍ക്കൊപ്പം വിവാദങ്ങളും കത്തിപ്പടര്‍ന്നതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള പോരാട്ടം ആവശക്കൊടുമുടിയിലെത്തി. പരമ്പരയില്‍ ഒരു ടെസ്‌റ്റ് മാത്രം അവശേഷിക്കെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ കേന്ദ്രീകരിച്ചാണ് ഓസീസ് കലാപം അഴിച്ചു വിട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് തന്നെ കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു. ഓസീസ് ഇന്ത്യന്‍ സന്ദര്‍ശനം ദുരന്തമാകുമെന്ന് ക്രിക്കറ്റ് വിദഗ്ദര്‍ പ്രവചിച്ചിരുന്നുവെങ്കിലും പൂനെയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതാണ് കങ്കാരുക്കള്‍ക്ക് വാക് പോരിനുള്ള ഊര്‍ജം നല്‍കിയത്.
ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായ കോഹ്‌ലിയെ മാനസികമായി തകര്‍ക്കുക എന്ന തന്ത്രമാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പുറത്തെടുക്കുന്നത്. എന്നാല്‍, ചൂടന്‍ സ്വഭാവക്കാരനായ കോഹ്‌ലിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത തിരിച്ചടികളാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്. സൗരവ് ഗാംഗുലിക്ക് ശേഷം കളത്തിലും പുറത്തും ആക്രമണോത്സുകത പുറത്തെടുക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഓസീസ് ടീമിനെ വരച്ച വരയില്‍ നിര്‍ത്തി.
പരമ്പര തുടങ്ങുന്നതിന് മുമ്പ് തന്നെ എതിരാളികളെ മാനസികമായി തളര്‍ത്തുന്ന പ്രസ്‌താവനകള്‍ കളത്തിന് പുറത്തും അകത്തും നടത്തുന്നതാണ് ഓസ്‌ട്രേലിയന്‍ ടീം എന്നു തുടരുന്നത്. ഇന്ത്യയിലും അവര്‍ ആ രീതി തന്നെ പുറത്തെടുത്തുവെന്ന് മാത്രം. കോഹ്‌ലിയെ സമ്മര്‍ദ്ദത്തിലാക്കിയാന്‍ കാര്യങ്ങള്‍ തങ്ങളുടെ വഴിക്കെത്തുമെന്ന ഉറച്ച വിശ്വാസവും അവര്‍ക്കുണ്ട്. എന്നാല്‍, പതിവിന് വിപരീതമായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വാക് ശരങ്ങള്‍ ഒന്നിനു പുറകെ ഒന്നായി തൊടുത്തു വിട്ടതാണ് എതിരാളികളെ അപ്രതീക്ഷിതാമായി ഞെട്ടിച്ചതും പ്രകോപിപ്പിച്ചതും.
ഓസീസ് മാധ്യമങ്ങളും താരങ്ങളും എന്തുകൊണ്ട് കോഹ്‌ലിയെ ഇതുപോലെ ആക്രമിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. പ്രകോപിപ്പിച്ച് വീഴ്‌ത്തുക എന്ന തന്ത്രമാണ് ഇവിടെയും ഓസ്‌ട്രേലിയ പുറത്തെടുത്തത്. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടു. അടിക്ക് തിരിച്ചടി എന്ന സ്‌റ്റൈല്‍ തുടരുന്ന കോഹ്‌ലിക്ക് മുമ്പില്‍ സകല നീക്കങ്ങളും പാളിയ ഓസീസിനെ സഹായിക്കാനാണ് അവരുടെ മാധ്യമങ്ങളും രംഗത്തെത്തിയത്.
ഡിആര്‍എസ് വിഷയത്തില്‍ സ്‌റ്റീവ് സ്‌മിത്തിനെ വെള്ളം കുടിപ്പിച്ചതും ഗ്രൌണ്ടില്‍ എതിരാളികളെ പരിഹസിച്ചും കോഹ്‌ലി ഓസ്‌ട്രേലിയന്‍ ടീമിനെ പൂട്ടി. ഇതോടെയാണ് ഓസീസ് പത്രം ഡെയ്‌ലി ടെലഗ്രാം ഇന്ത്യന്‍ ക്യാപ്‌റ്റനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ചത്. സോറി എന്ന വാക്ക് എങ്ങനെ ഉച്ഛരിക്കുമെന്ന കാര്യം കോഹ്‌ലിക്ക് അറിയുമോയെന്ന് തീര്‍ച്ചയില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലാന്‍ഡും അഭിപ്രായപ്പെട്ടതും ഒരേ ലക്ഷ്യത്തിനായിട്ടാണ്.
എത്രയും വേഗം ഇരുടീമുകളും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്നും കോഹ്‌ലിക്കു പിന്തുണ നല്‍കുമെന്ന് മുൻ ഓസീസ് വിക്കറ്റ് കീപ്പർ ആഡം ഗിൽക്രിസ്റ്റ് പ്രസ്‌താവന നടത്തിയത് നാലാം ടെസ്‌റ്റ് കൂടുതല്‍ വിവാദങ്ങളില്‍ എത്താതിരിക്കാനാണ്. ക്രിക്കറ്റിന് നാണക്കേടായ 2008ലെ മങ്കിഗേറ്റ് സംഭവം പോലെ നിലവിലെ പ്രശ്‌നങ്ങള്‍ വളരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.
കോഹ്‌ലിയുടെ ഇമേജിനെ തകർക്കാൻ ചില ഓസീസ് റിപ്പോർട്ടർമാർ ശ്രമിക്കുന്നുണ്ടെന്ന് മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് വ്യക്തമാക്കുകയും ചെയ്‌തു. കോഹ്‌ലിയെ ട്രംപുമായി താരതമ്യപ്പെടുത്തിയത് സങ്കടകരമാണെന്നാണ് ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര പറഞ്ഞത്.
പരമ്പരയില്‍ ഇതുവരെ ഫോമിലെത്താന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അസാമാന്യ കഴിവുള്ള ഇന്ത്യന്‍ നായകന്‍ പരാജയപ്പെട്ടാല്‍ പാതി ജയിച്ചുവെന്ന് ഓസ്‌ട്രേലിയ്‌ക്ക് നന്നായി അറിയാം. നിര്‍ണായകമായ നാലാം ടെസ്‌റ്റില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകുമെന്നതിനാല്‍ വിരാടിനെ തളര്‍ത്തുക എന്ന തന്ത്രം അവസാന നിമിഷംവരെ ഉണ്ടാകുമെന്ന് വ്യക്തമാണ്.