കുംബ്ലെയുമായി എന്താണ് പ്രശ്‌നം ?; പത്രസമ്മേളനത്തില്‍ എല്ലാം തുറന്നു പറഞ്ഞ് വിരാട്
ശനി, 3 ജൂണ്‍ 2017 (20:02 IST)
പരിശീലകൻ അനിൽ കുംബ്ലെയുമായി അഭിപ്രായ ഭിന്നതകളുണ്ടെന്ന വാർത്തകൾക്ക് വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി.
പരിശീലകൻ എന്ന നിലയിൽ അദ്ദേഹവുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത ചില സ്ഥാപിത താൽപ്പര്യക്കാരാണ് ഞങ്ങൾക്കിടിയിൽ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.
ടീമില്‍ യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകുന്നത് പതിവാണ്, സ്വാഭാവികമായ ഇത്തരം പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്. നമ്മുടെ വീട്ടിൽപ്പോലും ചിലപ്പോൾ ചില അസ്യാരസ്യങ്ങൾ ഉണ്ടാകാറുണ്ട്. അതിനർഥം കുടുംബത്തിൽ മുഴുവൻ പ്രശ്നമാണ് എന്നല്ല എന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പറഞ്ഞു.
പുറത്തുവരുന്ന തരത്തിലുള്ള നുണ കഥകള്‍ ആരാണ് മെനയുന്നത് എന്ന് അറിയില്ല. ചാമ്പ്യൻസ് ട്രോഫി വളരെ പ്രധാനപ്പെട്ട ഒരു ടൂർണമെന്റാണ്. ടീമിന്റെ ഇപ്പോഴത്തെ ശ്രദ്ധ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് മാത്രമാണെന്നും കോഹ്‌ലി വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ ക്യാംപിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കോഹ്‌ലി മനസു തുറന്നത്.