പാകിസ്ഥാനെതിരായ ഫൈനൽ പോരാട്ടത്തിൽ മികച്ച പോരാട്ടമാണ് പാക് ബൗളിങ് നിര കാഴ്ചവെച്ചതെങ്കിലും മത്സരത്തിൻ്റെ എല്ലാ ഘട്ടത്തിലും കളിയുടെ നിയന്ത്രണം ഇംഗ്ലണ്ടിൻ്റെ കൈകളിൽ തന്നെയായിരുന്നു. 5 വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നുവെങ്കിലും ഒരറ്റത്ത് ബെൻ സ്റ്റോക്സും തുടർന്ന് ബാറ്റർമാരായി സാം കറനും മാർക്ക് വുഡും അടക്കമുള്ള താരങ്ങളും ഇറങ്ങാനിരിക്കെ ഷഹീൻ അഫ്രീദിയെ പരിക്ക് വലച്ചില്ലെങ്കിലും ഇംഗ്ലണ്ട് വിജയം കാണാനായിരുന്നു സാധ്യത അധികവും.
ലോകകപ്പ് മത്സരങ്ങൾ തുടങ്ങും മുൻപ് ഇംഗ്ലണ്ടിൻ്റെ ടി20 ലോകകപ്പിൽ ബെൻ സ്റ്റോക്സിനെ പോലെ ഒരാളെ ആവശ്യമില്ലെന്ന വാദങ്ങൾ ഉയർന്നിരുന്നെങ്കിൽ നായകൻ ജോസ് ബട്ട്‌ലറായിരുന്നു സ്റ്റോക്സിനെ ടീമിൽ ഉൾപ്പെടുത്താൻ വാശി കാണിച്ചത്. വലിയ മത്സരങ്ങളിൽ പോരാളിയായി ഉയരുന്ന സ്റ്റോക്സിനെ പോലൊരു താരത്തെ നഷ്ടപ്പെടുത്താൻ ഒരു നായകനും തയ്യാറാവില്ലല്ലോ.
43 ടി20 മത്സരങ്ങളിൽ 21.67 ശരാശരിയിൽ 585 റൺസ് മാത്രമാണ് ബെൻ സ്റ്റോക്സിൻ്റെ പേരിലുള്ളത്. ഇംഗ്ലണ്ട് നിരയിലെ വെടിക്കെട്ട് വീരന്മാർക്കിടയിൽ 128 എന്ന പ്രഹരശേഷി മാത്രമാണ് ബെൻ സ്റ്റോക്സിനുള്ളത്. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിന് ഒറ്റയ്ക്ക് നേടികൊടുത്ത ബെൻ സ്റ്റോക്സിന് ഏകദിനത്തിലും അവിശ്വസനീയമായ റെക്കോർദുകളില്ല. 105 ഏകദിനമത്സരങ്ങളീൽ നിന്ന് 38 ശരാശരിയിൽ 2924 റൺസ് മാത്രമാണ് സ്റ്റോക്സിനുള്ളത്. ഇതിൽ 3 സെഞ്ചുറികൾ ഉൾപ്പെടുന്നു.
കണക്കുകൾ നോക്കുമ്പോൾ ശരാശരിയിൽ നിൽക്കുന്ന താരമായ ബെൻ സ്റ്റോക്സിനെ ഇതിഹാസമാകുന്നത് ഒരു കരിയർ എൻഡിങ് ഗെയിമിൽ നിന്നും അവിശ്വസനീയമായി അദ്ദേഹം തിരിച്ചുവന്നുവെന്നതും വലിയ മത്സരങ്ങളിൽ ടീമിന് വേണ്ടി കൃത്യമായി തൻ്റെ ജോലി ചെയ്യുന്നുവെന്നതുമാണ്. 2019ലെ ഏകദിന ലോകകപ്പ് വിജയം. 2019ലെ ആഷസിൽ നേടിയ അവിശ്വസനീയമായ വിജയം വീണ്ടും 2022ലെ ടി20 ലോകകിരീടം എല്ലാം നേടിയത് സ്റ്റോക്സിൻ്റെ മികവിലാണ്.