Shubman Gill: വിരാട് കോലിക്ക് ശേഷം ആര്? എന്ന ചോദ്യത്തിനു ഇനി പ്രസക്തിയില്ല. സച്ചിനും കോലിക്കും ശേഷം ഇന്ത്യയുടെ റണ്‍മെഷീന്‍ ആകാനുള്ള എല്ലാ മികവും തനിക്കുണ്ടെന്ന് ഓരോ മത്സരങ്ങള്‍ കഴിയുംതോറും അടിവരയിടുകയാണ് യുവതാരം ശുഭ്മാന്‍ ഗില്‍. ഏതൊരു യുവതാരവും സ്വപ്‌നം കാണുന്ന തുടക്കമാണ് ഗില്ലിന് ഇന്ത്യന്‍ ടീമില്‍ ലഭിച്ചിരിക്കുന്നത്.
സാക്ഷാല്‍ വിരാട് കോലിയുടേയും പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിന്റേയും ബാറ്റിങ് ശരാശരിയേക്കാള്‍ വളരെ മുന്നിലാണ് ഗില്‍ ഇപ്പോള്‍. ഏകദിനത്തില്‍ വിരാട് കോലിയുടെ ശരാശരി 57.7 ആണ്. ബാബര്‍ അസമിന്റെ ഏകദിന ശരാശരി 59.42 ആണ്. ഇതിനപ്പുറം ബാറ്റിങ് ശരാശരിയിലേക്ക് പോകാന്‍ ആര്‍ക്കും പറ്റില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ പോലും വിധിയെഴുതിയിടത്താണ് ശുഭ്മാന്‍ ഗില്ലിന്റെ ഞെട്ടിക്കുന്ന മുന്നേറ്റം.
21 ഇന്നിങ്‌സുകളില്‍ നിന്ന് 1254 റണ്‍സ് ഗില്‍ സ്വന്തമാക്കിയിരിക്കുന്നത് 73.76 ശരാശരിയിലാണ്. സ്‌ട്രൈക് റേറ്റ് 109.81 ആണ്. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അതിവേഗം ആയിരം റണ്‍സ് നേടിയ താരമെന്ന നേട്ടം ഗില്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. അവിടെയും മറികടന്നത് സാക്ഷാല്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് ! ഗില്‍ ആയിരം ഏകദിന റണ്‍സ് നേടാന്‍ കളിച്ചത് 19 ഇന്നിങ്‌സ് ആണെങ്കില്‍ വിരാട് കോലിയും ശിഖര്‍ ധവാനും ആയിരം ഏകദിന റണ്‍സ് നേടിയത് 24 ഇന്നിങ്‌സുകളില്‍ നിന്നാണ്. ഈ പോക്ക് പോയാല്‍ കോലിയുടെ നിരവധി റെക്കോര്‍ഡുകള്‍ ഗില്‍ മറികടക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.