Sanju Samson: നിര്‍ണായക മത്സരങ്ങളില്‍ വന്‍ തോല്‍വി; സഞ്ജു ഇന്ത്യന്‍ ടീമില്‍ കയറാന്‍ ഒരു സാധ്യതയുമില്ലെന്ന് ആരാധകര്‍

ശനി, 20 മെയ് 2023 (09:58 IST)
Sanju Samson: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ നിര്‍ണായക മത്സരങ്ങളില്‍ വന്‍ തോല്‍വിയാണെന്ന് ആരാധകര്‍. ഇക്കാരണം കൊണ്ടാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാത്തതെന്നും ആരാധകര്‍ പറഞ്ഞു. പഞ്ചാബ് കിങ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ മൂന്ന് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. അതിനു പിന്നാലെയാണ് ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തിയത്. 
 
നിര്‍ണായക മത്സരം വരുമ്പോള്‍ സഞ്ജു ബാറ്റിങ്ങില്‍ പൂര്‍ണ പരാജയമാണെന്നാണ് ആരാധകരുടെ വിമര്‍ശനം. പ്രതിഭയുള്ള ബാറ്റര്‍ ആണെങ്കിലും ആ കഴിവ് പുറത്തെടുക്കാന്‍ പലപ്പോഴും സഞ്ജുവിന് സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ ശരാശരി പ്രകടനവും വെച്ച് എങ്ങനെയാണ് സഞ്ജു ടീമില്‍ കയറുകയെന്നും ആരാധകര്‍ ചോദിക്കുന്നു. 
 
ഐപിഎല്ലില്‍ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം വളരെയധികം നിരാശപ്പെടുത്തുന്നതാണ്. 13 ഇന്നിങ്സുകളില്‍ നിന്നും 284 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുളളൂ. 11.2 മാത്രമാണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 128.32. നേടിയതാവട്ടെ ഒരേയൊരു ഫിഫ്റ്റി മാത്രം. ഈ കണക്കുകള്‍ സഞ്ജുവിന്റെ ഭാവിയിലേക്കുള്ള യാത്രയില്‍ വന്‍ തിരിച്ചടിയാകുമെന്ന് ആരാധകര്‍ പറയുന്നു. 
 
മാത്രമല്ല മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പതിവ് സഞ്ജു ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. പഞ്ചാബിനെതിരായ മത്സരത്തിലും തുടക്കത്തില്‍ തന്നെ കൂറ്റനടിക്ക് ശ്രമിച്ചാണ് സഞ്ജു പുറത്തായത്. പാഡുകള്‍ക്കിടയിലേക്ക് വന്ന പന്ത് ഗ്രൗണ്ട് ഷോട്ട് കളിക്കാതെ ബൗണ്ടറി നേടാന്‍ ശ്രമിച്ചതാണ് സഞ്ജുവിന്റെ വിക്കറ്റില്‍ കലാശിച്ചത്. മിക്ക കളികളിലും ശ്രദ്ധയില്ലാതെ ഷോട്ടുകള്‍ കളിക്കുന്നതാണ് സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമാകാന്‍ കാരണമാകുന്നത്. ഈ പിഴവ് തിരുത്താതെ സഞ്ജുവിന് ഇ്ന്ത്യന്‍ ടീമില്‍ കയറാന്‍ അവസരം ലഭിക്കില്ലെന്നും ആരാധകര്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍