തിരുവനന്തപുരത്ത് നടന്ന അഞ്ചാം ടി20യില്‍ ആറ് പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്താണ് സഞ്ജുവിന്റെ പുറത്താകല്‍. അഞ്ച് കളികളിലും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു ആകെ നേടിയത് 46 റണ്‍സ്. ശരാശരി പത്തില്‍ താഴെ (9.20). സ്‌ട്രൈക് റേറ്റ് 135.29 മാത്രം. ക്രീസില്‍ നില്‍ക്കുമ്പോള്‍ ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് സഞ്ജുവിനെ കണ്ടത്. ഷോട്ട് സെലക്ഷനിലും തുടര്‍ച്ചയായി പാളി. ബാക്ക് ഫൂട്ടില്‍ മാത്രം കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമവും പരാജയപ്പെട്ടു.
നാല് കളികളില്‍ നിന്ന് 53.75 ശരാശരിയിലും 231.18 സ്‌ട്രൈക് റേറ്റിലുമായി 215 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന്‍ കിഷന്‍ ടി20 ലോകകപ്പ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. വണ്‍ഡൗണ്‍ ആയി ഇറങ്ങിയിരുന്ന ഇഷാന്‍ സഞ്ജുവിനു പകരം ഓപ്പണറായേക്കും. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്ന തിലക് വര്‍മയ്ക്കായിരിക്കും വണ്‍ഡൗണ്‍ പൊസിഷന്‍. തിലക് വര്‍മയ്ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് അഞ്ചാം ടി20 മത്സരത്തിലെ ടോസിങ്ങിനു ശേഷം നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ ടോപ് 3യിലെ മൂന്ന് പേരും ഇടംകൈയന്‍ ബാറ്റര്‍മാരാകും.