ഐപിഎല്‍ : പൂനെയിലേക്ക് മാറിയെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓര്‍മ്മകളില്‍ ധോണി

ബുധന്‍, 17 ഫെബ്രുവരി 2016 (17:05 IST)
പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്ന പുതിയ ഐപിഎല്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തിട്ടും പഴയ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓര്‍മ്മകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഈ വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐപിഎല്ലില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്നായിരുന്നു ധോണി പുതിയ ടീമിന്റെ ഭാഗമായത്.

പുതിയ ടീമിനോടൊപ്പം ചേരുമ്പോള്‍ താന്‍ വളരെ ആവേശത്തിലും ആകാംഷയിലുമാണെന്നൊക്കെ പറയുന്നവരാണ് മിക്ക കളിക്കാരും. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓര്‍മ്മകള്‍ തന്നെ വിട്ടു പോകുന്നില്ലെന്നും ധോണി പറഞ്ഞു. ‘താന്‍ ചെന്നൈയില്‍ നിന്നും പൂര്‍ണ്ണമായി പുറത്തു വന്നു എന്ന് പറഞ്ഞാല്‍ നുണയായി പോകും, ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ എട്ടു വര്‍ഷക്കാലം താന്‍ അവിടെയായിരുന്നു. ഓര്‍മ്മകള്‍ വിലപ്പെട്ടതാണ്',ധോണി വ്യക്തമാക്കി. എന്നിരുന്നാലും ഒരു കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും പൂനെയ്ക്ക് വേണ്ടി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് റെയ്‌ന, ബ്രണ്ടന്‍ മക്കല്ലം, രവീന്ദ്ര ജഡേജ തുടങ്ങിയ ചെന്നൈയിലെ സഹതാരങ്ങളെ ഈ സീസണില്‍ താന്‍ വളരെയേറെ മിസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കോച്ചായിരുന്ന സ്റ്റീഫന്‍ ഫ്ലമിങ്ങിനെ ധോണി പൂനെയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തന്നെപ്പോലെ തന്നെ ശാന്തനമായ വ്യക്തിയും മികച്ച കോച്ചുമാണ് ഫ്ലമിങ്ങ് എന്നും ധോണി പറഞ്ഞു.

ആര്‍ അശ്വിന്‍, രഹാനെ, സ്റ്റീവന്‍ സ്മിത്ത്, ഡുപ്ലസിസ് എന്നിവരാണ് പൂനെ സൂപ്പര്‍ ജയന്റ്‌സിലെ മറ്റു പ്രധാന കളിക്കാര്‍.

വെബ്ദുനിയ വായിക്കുക