HBD Sachin: ലിറ്റിൽ മാസ്റ്റർക്ക് ഇന്ന് അൻപതാം പിറന്നാൾ

തിങ്കള്‍, 24 ഏപ്രില്‍ 2023 (13:14 IST)
ലോകക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിൻ ടെൻഡുൽക്കർക്ക് ഇന്ന് അൻപതാം പിറന്നാൾ. പതിനാറാം വയസിൽ അത്ഭുതബാലനെന്ന വിശേഷണം ഏറ്റുവാങ്ങി അരങ്ങേറിയത് മുതൽ ഇന്ത്യക്കാർക്കിടയിൽ ക്രിക്കറ്റിന് ഇത്രയും ആരാധകരെ സൃഷ്ടിച്ചതിൽ സച്ചിനെന്ന ജീനിയസിൻ്റെ പങ്ക് അതുല്യമാണ്. 24 വർഷക്കാലത്തോളം നീണ്ട ആ ദീർഘമായ കരിയർ 2013ലാണ് സച്ചിൻ അവസാനിപ്പിച്ചത്. ക്രിക്കറ്റിൽ നിന്നും വിടവാങ്ങി 10 വർഷം തികയുന്ന വേളയിലാണ് അൻപതാം പിറന്നാൾ സച്ചിനെ തേടിയെത്തിയിരിക്കുന്നത്.
 
1973 ഏപ്രിൽ 24ന് മുംബൈ ബാന്ദ്രയിൽ കോളേജ് അധ്യാപകനായ രമേശ് ടെൻഡുൽക്കറിൻ്റെയും ഇൻഷുറൻസ് ഉദ്യോഗസ്ഥയായ രജനിയുടെയും മകനായിട്ടായിരുന്നു സച്ചിൻ്റെ ജനനം. 1998ൽ സുഹൃത്തായ വിനോദ് കാംബ്ലിക്കൊപ്പം സ്കൂൾ ക്രിക്കറ്റിൽ തീർത്ത 664 റൺസിൻ്റെ കൂട്ടുക്കെട്ടാണ് സച്ചിനെ രാജ്യത്ത് ശ്രദ്ധേയനാക്കിയത്. തുടർന്ന് ഇന്ത്യയുടെ സീനിയർ ടീമിലെത്തിയ സച്ചിൻ്റെ യാത്ര തികച്ചും അത്ഭുതകരമായിരുന്നു.
 
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്നക്കം കുറിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ. രഞ്ജിയിലും ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലും അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി എന്നിങ്ങനെ റെക്കോർഡുകൾ ഒപ്പം കൂട്ടിയ സച്ചിൻ പിൻകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും തൻ്റെ പേരിൽ എഴുതിചേർത്തു. 1989ൽ പാകിസ്ഥാൻ പര്യടനത്തിനിടെയായിരുന്നു അന്താരാഷ്ട്രക്രിക്കറ്റിൽ സച്ചിൻ്റെ അരങ്ങേറ്റം.
 
ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ പ്രധാനതാരമായി വളർന്ന സച്ചിൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരം മാത്രമല്ല ക്രിക്കറ്റിലെ ദൈവമായി തന്നെ വളരുകയായിരുന്നു. ക്രിക്കറ്റെന്നാൽ ഇന്ത്യക്കാർക്ക് മതമാണെങ്കിൽ അവർ ആരാധിക്കുന്ന ദൈവമെന്ന നിലയിലേക്ക് സച്ചിൻ വളർന്നു. ക്രിക്കറ്റിലെ ഒരുപാട് റെക്കോർഡുകളിൽ നിന്നും സച്ചിൻ്റെ പേര് മാറ്റപ്പെട്ടേക്കാം പല റെക്കോർഡുകളും തകർന്നു വീണേക്കാം അപ്പോഴും ഒരു ജനത ക്രിക്കറ്റിനെ നെഞ്ചേറ്റുന്നതിൽ സച്ചിൻ എന്ന താരം വഹിച്ച പങ്കിനെ വിസ്മരിക്കാനാകില്ല.
 
പിൻകാലത്ത് ടീമിലെത്തിയ ഒട്ടേറെ താരങ്ങൾക്ക് തങ്ങൾ ക്രിക്കറ്റിലേക്ക് തിരിയുന്നതിൽ പ്രചോദനമായത് സച്ചിൻ ആയിരുന്നു എന്നതാണ് ഇന്ത്യൻ ക്രിക്കറ്റിന് ലോകകപ്പിനേക്കാൾ സച്ചിൻ നൽകിയ വലിയ സംഭാവന. നമുക്ക് ലോകകപ്പ് വിജയങ്ങളും മികച്ച താരങ്ങളും ഇനിയും ഒട്ടേറെ താരങ്ങൾ ഉണ്ടായേക്കും എന്നാൽ ഇതിനെല്ലാം സ്വപ്നം കാണാൻ ഒരു ജനതയെ പഠിപ്പിക്കുന്നതിൽ ഏറ്റവും നിർണായകമായ സ്ഥാനം വഹിച്ച വ്യക്തിയെന്ന നിലയിൽ എക്കാലവും സച്ചിൻ്റെ പേര് ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍