ടെസ്റ്റിൽ വിരാട് കോലി
2019ൽ ഇന്ത്യ മത്സരിച്ച എട്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ നയിച്ചത് കോലി തന്നെയായിരുന്നു. എട്ട് ടെസ്റ്റ് മത്സരങ്ങളിലെ 11 ഇന്നിങ്സുകളിൽ നിന്നുമായി 68 റൺസ് ശരാശരിയിൽ 612 റൺസാണ് കോലി നേടിയത്. ഇതിൽ രണ്ട് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും ഒരു ഇരട്ട സെഞ്ച്വറിയും ഉൾപ്പെടുന്നു. ഇതിൽ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 254 നേടിയതാണ് കഴിഞ്ഞ വർഷത്തെ കോലിയുടെ ഏറ്റവും മികച്ച പ്രകടനം.
ഇതിനിടയിൽ ബംഗ്ലാദേശിനെതിരായുള്ള പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ച്വറി സ്വന്തമാക്കിയ കോളി പിങ്ക് ബോളിൽ ആദ്യമായി സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന തിരുത്താനാകാത്ത നേട്ടവും തന്റെ പേരിൽ കുറിച്ചു. ദക്ഷിണാഫ്രിക്കതിരെ നേടിയ ഇരട്ട സെഞ്ച്വറി കോലിയുടെ ഏഴാമത്തെ ഇരട്ട സെഞ്ച്വറിയുമായിരുന്നു. ഇതോടെ ഇന്ത്യക്കായി ഏറ്റവുമധികം ഇരട്ട സെഞ്ച്വറികൾ എന്ന നേട്ടവും കോലി സ്വന്തമാക്കി. മുൻ ഇന്ത്യൻ താരമായ വിരേന്ദർ സേവാഗിനെയാണ് കോലി മറികടന്നത്.
കോലിക്ക് കീഴിൽ ഇന്ത്യ മത്സരിച്ച എട്ട് ടെസ്റ്റ് മത്സരങ്ങളിൽ ഏഴിലും ഇന്ത്യ വിജയിച്ചപ്പോൾ. 1986ലെ പരമ്പരയിൽ ഓസീസിനെ ഫോളൊ ഓൺ ചെയ്യിച്ച കപിൽ ദേവിന് ശേഷം ഓസീസിനെ ഫോളൊ ഓണിനയക്കുന്ന ക്യാപ്റ്റനെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ വിൻഡീസിനെതിരെ ടെസ്റ്റ് ജയിച്ചതോടെ ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന നേട്ടവും കോലി സ്വന്തമാക്കി. 27 ടെസ്റ്റ് വിജയങ്ങളെന്ന ധോണിയുടെ നേട്ടമാണ് കോലി സ്വന്തമാക്കിയത്.