ഐപിഎല്‍ വാതുവെപ്പ് കേസ്: ജൂണ്‍ 29ന് വിധി പറയും

ശനി, 23 മെയ് 2015 (11:44 IST)
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത്  ജൂണ്‍ 29-ലേയ്ക്ക് മാറ്റി. ഡല്‍ഹി പട്യാല ഹൌസ് കോടതിയാണ് കേസ് മാറ്റിയത്. ജൂണ്‍ ആറിനകം ഇരു വിഭാഗങ്ങളോടും വാദങ്ങള്‍ എഴുതി നല്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
2013 മെയ് 16നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് ചുമത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പ്രത്യേക കോടതി കേസില്‍ വിധി പറയുന്നത്. ഐപില്‍ കോഴ കേസില്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിരോധന നിയമമായ മക്കോക്ക ചുമത്തിയത് നിലനില്‍ക്കില്ലെന്നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം. അതേസമയം ശ്രീശാന്ത് ഉള്‍പ്പെടെ കേസിലെ 39 പ്രതികള്‍ക്കും  ഒത്തുകളിയിലെ ഗൂഡാലോചനയെ കുറിച്ച് നേരിട്ടറിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.
 
ഇവരുള്‍പ്പെട്ട വാതുവെപ്പിന് ഒത്താശ ചെയ്ത ശ്രീശാന്തിനും ജിജു ജനാര്‍ദ്ദനനും അങ്കിത് ചവാനുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അതുകൊണ്ട് മക്കോക്ക ചുമത്തേണ്ടതുണ്ടെന്നും ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തെളിവായി സമര്‍പ്പിച്ച സംഭാഷണങ്ങളിലൊന്നും ഒത്തുകളി നടന്നതായി പരാമര്‍ശമില്ലെന്നും പ്രൊസിക്യൂഷന്റെ വാദങ്ങളില്‍ വ്യക്തതയില്ലെന്നും നീരീക്ഷിച്ച കോടതി ഡല്‍ഹി പൊലീസിനെ നിരവധി തവണ വിമര്‍ശിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക