കൊല്‍ക്കത്ത പഞ്ചാബിനെ മലര്‍ത്തിയടിച്ചു

വ്യാഴം, 29 മെയ് 2014 (11:06 IST)
പോയിന്റ് നിലയിലെ അടിസ്ഥാനക്കാര്‍ തമ്മിലുള്ള ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 28 റണ്ണിന്  പഞ്ചാബിനെ മലര്‍ത്തിയടിച്ച് ഏഴാം സീസണില്‍  ഫൈനലിലെത്തുന്ന ആദ്യ ടീമായി മാറി. 

എന്നാല്‍ പഞ്ചാബിന് ഫൈനലില്‍ പ്രവേശിക്കാന്‍ ഇനിയും അവസരമുണ്ട്. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍  എലിമിനേറ്ററിലെ വിജയിയെ  തോല്‍പ്പിച്ചാല്‍  പഞ്ചാബിന് ഫൈനലിലെത്താം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 163/8 എന്ന സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ പഞ്ചാബിന്റെ മറുപടി 20 ഓവറില്‍ 135/8 ല്‍ ഒതുങ്ങി. 30 പന്തില്‍ നാല് ഫോറും  രണ്ട് സിക്സുമടക്കം 42 റണ്ണടിച്ച  ഇര്‍ഫോം ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയുടെ ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് മാന്യമായ സ്കോര്‍ നല്‍കിയത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ  കരണ്‍വീര്‍ സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷര്‍ പട്ടേലും മിച്ചല്‍  ജോണ്‍സണും പഞ്ചാബിന്റെ ബൗളിംഗ് നിരയില്‍  തിളങ്ങി.

മറുപടിക്കിറങ്ങിയ പഞ്ചാബിന് സെവാഗ് (2), ഗ്ളെന്‍ മാക്സ് വെല്‍ (6), ഡേവിഡ് മില്ലര്‍ (8), അക്ഷര്‍ പട്ടേല്‍ (2) എന്നിവരുടെ  വിക്കറ്റുകള്‍  നഷ്ടമായതാണ് തിരിച്ചടിയായത്. വൃദ്ധിമാന്‍ സാഹ (35), മനന്‍ വോറ (26), എന്നിവര്‍ രണ്ടാം വിക്കറ്റില്‍  40 റണ്‍ കൂടി ചേര്‍ത്തതായിരുന്നു പഞ്ചാബിന്റെ  ഏറ്റവും ഉയര്‍ന്ന പാര്‍ട്ട്ണര്‍ഷിപ്പ്.

നാലോവറില്‍ 13 റണ്‍ മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവായിരുന്നു കൊല്‍ക്കത്തന്‍ ബൗളിംഗിലെ സൂപ്പര്‍ സ്റ്റാര്‍. മോര്‍നെ മോര്‍ക്കല്‍  23 റണ്‍ വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.  പിയൂഷ്  ചൗള 23 റണ്‍ റണ്‍ വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഉമേഷ് യാദവാണ് മാന്‍ ഒഫ് ദ മാച്ച്.

വെബ്ദുനിയ വായിക്കുക