ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ്: വിജയം ആവര്‍ത്തിക്കാന്‍ കോഹ്ലിയും കൂട്ടരും ഇന്നിറങ്ങും

ശനി, 30 ജൂലൈ 2016 (10:00 IST)
യുവരക്തത്തിന്റെ തിളപ്പില്‍ നേടിയ ആദ്യ ടെസ്‌റ്റിലെ ഇന്നിങ്‌സ് വിജയത്തിന്റെ ആത്മവിശ്വാസവുമായി രണ്ടാം ടെസ്റ്റിനായി കോഹ്ലിയും കൂട്ടരും ഇന്നിറങ്ങും. പേസ്‌ ബൗളിങ്ങിന് അനുകൂലമായ പിച്ച്‌ തന്നെയായിരിക്കും ഈ ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ ഏറ്റവും വലിയ ഭീഷണി. 
 
ആദ്യ ടെസ്റ്റില്‍ സ്വന്തം മണ്ണിലേറ്റ തോല്‍വിക്ക് പകരംവീട്ടാന്‍ വിന്‍ഡീസും കച്ചമുറുക്കുമ്പോള്‍ ശനിയാഴ്ച കിങ്സ്റ്റണിലെ സബീന പാര്‍ക്കില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ പൊടിപാറുമെന്നുറപ്പ്. കൂടാതെ പിച്ചിന്റെ ആനുകൂല്യം മുതലാക്കാനായി അതിവേഗക്കാരന്‍ ബൗളറായ അല്‍സാരി ജോസഫിനെ വിന്‍ഡീസ്‌ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
 
ആദ്യ ടെസ്‌റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ക്രീസില്‍ പുലര്‍ത്തിയ ആധിപത്യം വെസ്‌റ്റിന്‍ഡീസ്‌ ബൗളര്‍മാരില്‍ സമ്മര്‍ദം ഉയര്‍ത്തുന്നുണ്ട്‌. ഫാസ്‌റ്റ് ബൗളിങ്ങിന്‌ അനുകൂലമായ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചു കെട്ടാനാണു വിന്‍ഡീസിന്റെ ശ്രമം. 
 
അന്താരാഷ്ട്ര മത്സരത്തില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത ജോസഫിന്റെ അരങ്ങേറ്റത്തിനായിരിക്കും ഇന്ന് കിങ്സ്റ്റണിലെ സബീന പാര്‍ക്ക് സാക്ഷ്യംവഹിക്കുക. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ അല്‍സാരി ജോസഫ്‌ വെസസ്‌റ്റീന്‍ഡീസ്‌ ആക്രമണത്തിന്‌ ഫലപ്രദമായ ആയുധമാകുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍.
 
ആന്റിഗ്വയില്‍ അഞ്ചു ബൗര്‍മാരുമായി ഇറങ്ങിയ ഇന്ത്യ കിങ്‌സറ്റണിലും അതേ ഇലവനെ തന്നെ ഇറക്കിയേക്കും. ആദ്യ ടെസ്‌റ്റിലെ പ്രകടനത്തില്‍ ഇന്ത്യന്‍ ടീം പുര്‍ണ സംതൃപ്‌തിയിലാണ്‌. ഉപഭൂഖണ്ഡത്തിനു വെളിയിലെ ഏറ്റവും മികച്ച വിജയമാണ്‌ ഇന്ത്യ ആന്റിഗ്വയില്‍ കരസ്‌ഥമാക്കിയത്‌. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക