വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ സമനില കുരുക്കിലായ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി. ബോളര്‍മാരെ ഉപയോഗിക്കുന്നതില്‍ നായകന് വന്ന പിഴവാണ് സമനിലയ്‌ക്കു കാരണമായത്. അശ്വിൻ ഇന്ത്യയുടെ പ്രധാന ബോളറാണെന്ന കാര്യം അദ്ദേഹം മറന്നു പോയെന്നും ദാദ വ്യക്തമാക്കി.
ടെസ്‌റ്റിന്റെ അവസാന ദിവസം പിച്ച് ഏറെ വ്യത്യസ്ഥവും പുതുമയുള്ളതുമായിരുന്നു. അതിനാല്‍ ആദ്യ മിനിറ്റുമുതല്‍ അശ്വിനെകൊണ്ട് പന്ത് എറിയിക്കണമായിരുന്നു. അത് ചെയ്യാന്‍ കോഹ്‌ലി മടി കാണിച്ചു. പേസ് നല്ലതു പോലെ ഉപയോഗിക്കുന്ന ഉമേഷ് യാധവിന് കോഹ്‌ലി പന്ത് നല്‍കുന്നില്ല. പന്ത്രണ്ട് ഓവര്‍ മാത്രമാണ് അദ്ദേഹം എറിഞ്ഞതെന്നും ഗാംഗുലി പറഞ്ഞു.
അഞ്ചു ബൗളർമാരുമായി കളിക്കാനിറങ്ങുമ്പോൾ ഒരാൾ നിറംമങ്ങുന്നതു സ്വാഭാവികമാണ്. എന്നാൽ ഉമേഷ് യാദവിനെ വിക്കറ്റ് ടേക്കിംഗ് ബൗളർ എന്ന നിലയിലേക്കു വളർത്താൻ ശ്രമിക്കുകയാണു വേണ്ടത്. അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.
വെസ്‌റ്റ് ഇന്‍ഡീസ് നല്ല ക്രിക്കറ്റാണ് കളിച്ചത്. സമനിലയ്‌ക്കായി അവര്‍ മികച്ച രീതിയില്‍ പൊരുതി. അവര്‍ അര്‍ഹിച്ച റിസല്‍ട്ട് അവസാനം നേടുകയും ചെയ്‌തുവെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1–0നു മുന്നിലാണ്.