ധവാന് മുതല്‍ പാണ്ഡ്യവരെ; ഇവര്‍ എന്താണ് കാണിക്കുന്നത് ? - ഈ കോഡ് ഭാഷ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ ഒരു ചിഹ്നഭാഷയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച സജീവമായിരിക്കുന്നത്. ആഘോഷ നിമിഷങ്ങളില്‍ V ആകൃതിയില്‍ കൈ ഉയര്‍ത്തി കാണിക്കുന്നതാണ് ഇന്ത്യന്‍ താരങ്ങളുടെ ഇപ്പോഴത്തെ രീതി.
ഈ ചിഹ്നഭാഷ ആദ്യമായി കാണിച്ചത് ശിഖര്‍ ധാവന് ആയിരുന്നുവെങ്കില്‍ ഇന്ന് ഹാര്‍ദിക് പാണ്ഡ്യവരെ പിന്തുടരുന്നതാണ് എല്ലാവരെയും ‘കണ്ഫ്യൂഷ’നാക്കുന്നത്. സെഞ്ചുറി നേടിയ ശേഷം പാണ്ഡ്യ പവലനിയനിലേക്ക് നോക്കി V എന്ന ചിഹ്നം കാണിച്ചപ്പോള്‍ അവിടുന്ന് കെഎല്‍ രാഹുലും ധവാനും തിരിച്ചുകാണിച്ചു.
ചിഹ്നഭാഷ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഒരുക്കമായിട്ടില്ല. എന്നാല്‍, ഇതിനെ ബന്ധിപ്പിച്ച് നിരവധി കഥകള്‍ പുറത്തുവന്നു കഴിഞ്ഞു. വിക്ടറിയുടെ ചിഹ്നമാണ് V എന്ന് ചിലര്‍ അവകാശപ്പെടുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഉദ്ദേശിച്ചാണ് താരങ്ങള്‍ ഇങ്ങനെ കാണിക്കുന്നതെന്ന് മറ്റൊരു വിഭാഗം പേര് പറയുന്നു.