പന്തിൻ്റെ പരിക്കിൽ വലഞ്ഞ് ഇന്ത്യൻ ടെസ്റ്റ് ടീം, പുതിയ കീപ്പറായി ഭരത്, ഉപേന്ദ്ര എന്നിവർ പരിഗണനയിൽ

തിങ്കള്‍, 2 ജനുവരി 2023 (13:08 IST)
കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റിൽ തിരിച്ചെത്താൻ 2 മാസം മുതൽ ആറ് മാസം വരെ സമയമെടുക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ഫെബ്രുവരിയിൽ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ റിഷഭ് പന്തിന് കളിക്കാനാകില്ലെന്ന് ഉറപ്പായി. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസ് നായകനായ പന്ത് ഐപിഎല്ലിലും കളിക്കുമോ എന്ന് ഉറപ്പില്ല.
 
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഏറെ നിർണായകമാണ്. ലിമിറ്റഡ് ഓവറിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നതെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ടീമിൻ്റെ പ്രധാനതാരങ്ങളിൽ ഒരാളാണ് റിഷഭ് പന്ത്. താരത്തിന് പരിക്കേറ്റത് ഇന്ത്യയുടെ ടെസ്റ്റിലെ വിജയസാധ്യതകളെ വലിയ രീതിയിലാകും ബാധിക്കുക.
 
പരമ്പരയിൽ റിസർവ് താരമടക്കം 2 വിക്കറ്റ് കീപ്പർമാരെ ഇന്ത്യയ്ക്ക് കണ്ടെത്തേണ്ടതുണ്ട്. ആദ്യ ഓപ്ഷനായി കെ എസ് ഭരത്തിനൊപ്പം ഇഷാൻ കിഷൻ, ഇന്ത്യൻ എ ടീമംഗമായ ഉപേന്ദ്ര യാദവ് എന്നിവരാണ് പരിഗണനയിലുള്ളത്. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമില്ല എന്നതാണ് മറ്റ് കീപ്പർ ഓപ്ഷനുകളായ ഇഷാൻ കിഷൻ,സഞ്ജു സാംസണ് എന്നിവർക്ക് തടസമാകുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനം ഉത്തർപ്രദേശുകാരനായ ഉപേന്ദ്ര യാദവിന് അനുകൂല ഘടകമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍