ക്ലാര്‍ക്ക് പറഞ്ഞത് സത്യം; കോഹ്‌ലിക്ക് ഭീഷണിയാകുന്നത് ഡിവില്ലിയേഴ്‌സല്ല, മറ്റൊരു ഇന്ത്യന്‍ താരമാണ്
ബുധന്‍, 31 ഓഗസ്റ്റ് 2016 (14:50 IST)
ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിനെ പുകഴ്‌ത്തി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് രംഗത്ത് എത്തിയതിന് പിന്നാലെ ട്വന്റി -20 ഐസിസി റാങ്കിംഗില്‍ രാഹുലിന് മുന്നേറ്റം. വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 67 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി 31മത് സ്ഥാനത്താണ് രാഹുല്‍ എത്തി.
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി -20യില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയതാണ് രാഹുലിനെ റാങ്കിംഗില്‍ മുന്നോട്ട് കയറ്റിയത്. ബോളിങ്ങില്‍ രവിചന്ദ്ര അശ്വിന്‍ ഏഴാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തെത്തി. അതേസമയം, ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ വിന്‍ഡീസ് ഓപ്പണര്‍ എവില്‍ ലേവിസ് 51മത് റാങ്കിലെത്തി.
തോല്‍വിയിലും ഇന്ത്യ റാങ്കിങ്ങിലെ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 126 പോയിന്റുള്ള ഇന്ത്യക്കു പിന്നില്‍ 125 പോയിന്റുമായി വിന്‍ഡീസാണ് മൂന്നാമത്. 132 പോയിന്റുമായി ന്യൂസീലന്‍ഡാണ് ഒന്നാമത്.
ട്വിറ്ററിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് രാഹുലിനെ പുകഴ്‌ത്തിയിരുന്നു.
ടീം ഇന്ത്യയുടെ ഭാവിയിലെ സൂപ്പര്‍ സ്‌റ്റാര്‍ വിരാട് കോഹ്‌ലി അല്ലെന്നും അത് രാഹുലായിരിക്കുമെന്നുമാണ് ക്ലാര്‍ക്ക് കഴിഞ്ഞ ദിവസം പറഞ്ഞത്.