ഡിവില്ലിയേഴ്‌സ് ചതിച്ചാശാനെ ... ടീം വീണതിന് പിന്നാലെ കോഹ്‌ലിയും വീണു
വെള്ളി, 20 ഒക്‌ടോബര്‍ 2017 (17:05 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ ഒന്നാം സമ്മാനം നഷ്‌ടമായി.
ഡിവില്ലിയേഴ്സ് 879 റേറ്റിംഗ് പോയിന്റുമായി റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ 877 റേറ്റിംഗ് പോയിന്റുള്ള കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ മൂന്നാമതും പാകിസ്ഥാന്‍ ബാറ്റ്‌സ്‌മാന്‍ ബാബര്‍ അസം നാലാമതുമാണ്.
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പന്ത്രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക് വീണു. ബോളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറിനെ പിന്തള്ളി പാക് ബോളര്‍ ഹസന്‍ അലി ഒന്നാം സ്ഥാനം സ്വന്തമാക്കി. താഹിര്‍ രണ്ടാമതുണ്ട്.
ഇന്ത്യന്‍ ടീമിനെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിംഗില്‍ ഒന്നാമത് എത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഡിവില്ലിയേഴ്‌സ് നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ജയിച്ചതോടെയാണ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
ഒന്നാം സ്ഥാനത്തു നിന്നും വീണെങ്കിലും വിരാട് കോഹ്‌ലിക്കും സംഘത്തിനും ഒന്നാമനാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതേ അവസ്ഥ തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കുള്ളത്.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം വിജയിച്ചാല്‍ ഇന്ത്യ ഒന്നാമത് എത്തും. എന്നാല്‍, ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ദക്ഷിണാഫ്രിക്ക ജയിച്ചാല്‍, അവര്‍ക്ക് ഒന്നാം സ്ഥാനത്ത് തുടരാനാകും. ഇന്ത്യയ്ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ന്യൂസിലാന്‍ഡിന് മൂന്നാം സ്ഥാനത്ത് എത്താനാകും.