ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്താനുള്ള ഇന്ത്യയുടെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരനായ അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തത് ശരിയായില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
' അശ്വിനെ കളിപ്പിക്കാത്തതിലൂടെ ഇന്ത്യ ഒരു അവസരമാണ് നഷ്ടപ്പെടുത്തിയത്. അവന്‍ ഒന്നാം നമ്പര്‍ ബൗളറാണ്. അശ്വിനെ പോലൊരു താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ പിച്ചിന്റെ സ്വഭാവം നോക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ കളിക്കുന്നത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആണ്, എന്നിട്ട് ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബൗളറെ നിങ്ങള്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. എനിക്ക് ഒട്ടും മനസിലാകാത്ത തീരുമാനമാണ് ടീം ഇന്ത്യയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഞാനാണെങ്കില്‍ ഉമേഷ് യാദവിന് പകരം അശ്വിനെ ടീമില്‍ എടുക്കും. താളം കണ്ടെത്താന്‍ പോലും ഇപ്പോള്‍ ബുദ്ധിമുട്ടുന്ന ബൗളറാണ് ഉമേഷ് യാദവ്,'
' നാല് ഇടംകയ്യന്‍ ബാറ്റര്‍മാരാണ് ഓസ്‌ട്രേലിയയ്ക്കുള്ളത്. പൊതുവെ ഇടംകയ്യന്‍ ബാറ്റന്‍മാര്‍ക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള താരമാണ് അശ്വിന്‍. ഒരു ഓഫ് സ്പിന്നര്‍ പോലും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇല്ലാത്തത് ഞെട്ടിക്കുന്ന കാര്യമാണ്,' ഗവാസ്‌കര്‍ പറഞ്ഞു.