ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് സ്‌പെഷ്യലൈസ്ഡ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര പുറത്തേക്ക്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും പൂജാരയുടെ പ്രകടനം നിരാശപ്പെടുത്തി. 23 പന്തുകളില്‍ നിന്ന് ഒന്‍പത് റണ്‍സ് മാത്രമാണ് പൂജാരയുടെ സമ്പാദ്യം. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സ് മാത്രം എടുത്താണ് പൂജാര പുറത്തായത്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നത് മാത്രമാണ് നേരിയ ആശ്വാസം. ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ വന്‍മതില്‍ എന്ന നിലയിലാണ് പൂജാരയെ ആരാധകര്‍ കണ്ടിരുന്നത്. എന്നാല്‍, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അടക്കം പൂജാര നിരാശപ്പെടുത്തി.
കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നായി പൂജാര ആകെ നേടിയിരിക്കുന്നത് 108 റണ്‍സ് മാത്രമാണ്. പൂജാരയുടെ അവസാന 11 ടെസ്റ്റ് മത്സരങ്ങള്‍ എടുത്താലും നിരാശപ്പെടുത്തുന്നതാണ് കണക്കുകള്‍. അവസാന 11 ടെസ്റ്റുകളില്‍ നിന്ന് പൂജാര ആകെ നേടിയിരിക്കുന്നത് 452 റണ്‍സ് മാത്രം, 25.11 ശരാശരിയും !
മൂന്നാം ടെസ്റ്റില്‍ പൂജാരയ്ക്ക് പകരം ഹനുമ വിഹാരിയെ പരീക്ഷിക്കാനാണ് ഇന്ത്യന്‍ ക്യാംപ് ആലോചിക്കുന്നത്. എന്നാല്‍, നായകന്‍ വിരാട് കോലിയുടെ അകമഴിഞ്ഞ പിന്തുണ പൂജാരയ്ക്കുണ്ട്. മോശം പ്രകടനത്തിനിടയിലും പൂജാര ടീമില്‍ വേണമെന്ന് കോലി ആഗ്രഹിക്കുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കൂടി പൂജാര നിരാശപ്പെടുത്തിയാല്‍ അടുത്ത കളിയില്‍ ടീമില്‍ ഇടംപിടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാകും.