കൊറോണ; പരിശീലനമില്ല, മത്സരമില്ല! താരങ്ങൾ ചെയ്യുന്നതെന്ത്? കായികലോകത്തെ മാറ്റങ്ങൾ ഇതൊക്കെ

അനു മുരളി

ശനി, 21 മാര്‍ച്ച് 2020 (11:58 IST)
ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണു കൊവിഡ് 19. കായിക ലോകത്തിന്റെ അവസ്ഥയും മറിച്ചല്ല. ഈ വർഷം നടക്കാനിരുന്ന ടൂർണമെന്റിൽ ചുരുക്കം ചിലത് മാത്രമാണ് നടക്കാൻ സാധ്യതയുള്ളത്. അതും സാധ്യത മാത്രമാണ്. ടെന്നീസ്, ബാഡ്മിൻറൺ, ഹോക്കി, ബോക്സിങ് തുടങ്ങി അന്താരാഷ്ട്ര തലത്തിൽ എല്ലാ മത്സരങ്ങളും നിർത്തിയിരിക്കുകയാണ്. പരിശീലനമോ മത്സരമോ ഒന്നുമില്ലാതെ താരങ്ങളെല്ലാം കുടുംബത്തോടൊപ്പമാണുള്ളത്. ഒളിമ്പിക്സ്, ടി20 ലോകകപ്പ് എന്നിവയാണ് അന്താരാഷ്ട്ര തലത്തിൽ ഇനി ഈ വർഷം നടക്കാനുള്ള രണ്ട് വലിയ ടൂർണമെൻറുകൾ.
 
ഇന്ത്യയുടെ പുരുഷ - വനിതാ ഹോക്കി താരങ്ങൾ മത്സരങ്ങളും പരിശീലനവും അവസാനിപ്പിച്ചിരിക്കുകയാണ്. ബെംഗലൂരുവിലെ സ്പോ‍ർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സെൻററിൽ കഴിയുകയാണ് ഇപ്പോൾ താരങ്ങൾ. ഷൂട്ടിങ് താരങ്ങളുടെയും ദേശീയ ക്യാമ്പുകൾ നി‍ർത്തി വെച്ചിരിക്കുകയാണ്.
 
ഇന്ത്യൻ സൂപ്പർ ലീഗാണ് രാജ്യത്ത് നടന്ന അവസാന ഫുട്ബോൾ ടൂർണമെൻറ്. എടികെയും ചെന്നൈയിനും തമ്മിൽ നടന്ന ഫൈനൽ മത്സരം തന്നെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്. മാർച്ച് അവസാനം നടക്കേണ്ട ഇന്ത്യയുടെ ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങളും നിലവിൽ മാറ്റി വെച്ചിരിക്കുകയാണ്.
 
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര റദ്ദാക്കിയതോടെ ക്രിക്കറ്റ് ലോകത്തും ഈ മാസം മത്സരങ്ങളൊന്നും തന്നെ ഇല്ല. ഏപ്രിൽ മാസത്തിന് ശേഷം മാത്രമേ നിലവിലെ സാഹചര്യത്തിൽ ക്രിക്കറ്റ് ലോകത്തും മത്സരങ്ങൾ പ്രതീക്ഷിക്കാൻ സാധിക്കൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍