യൂറോപ്പിൽ ഒമിക്രോൺ വ്യാപനം രൂക്ഷം, ലോകം വീണ്ടും അടച്ചിടലിലേക്ക്? ആശങ്ക

ബുധന്‍, 29 ഡിസം‌ബര്‍ 2021 (14:59 IST)
ലോകം വീണ്ടും ഒമിക്രോൺ ഭീതിയിൽ. യൂറോപ്യൻ രാജ്യങ്ങളിൽ വൈറസ് അതിവേഗം പടരുകയാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം 1,79,807 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. യൂറോപ്പിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണിത്.
 
ജനുവരി ആദ്യത്തോടെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷം വരെ ഉയരാമെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഒളിവർ വെറാൻ പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്‌ച്ചകളാണ് ഇനി വരാനിരികുന്നതെന്ന് ഫ്രഞ്ച് ഹോസ്പിറ്റൽ ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.
 
ഫ്രാൻസിന് പുറമെ ഇറ്റലി,ഗ്രീസ്,പോർച്ചുഗൽ,ഇംഗ്ലണ്ട് എന്നിവിടങ്ങളിലും കൊവിഡ് കുതിച്ചുയരുകയാണ്. ഇന്നലെ ബ്രിട്ടനിൽ 1,29,471 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. എന്നാൽ രാജ്യത്ത് ഈ വർഷം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
 
എന്നാൽ പുതുവത്സരാഘോഷങ്ങൾ കർശനമായ ജാഗ്രതയോടെ മാത്രമെ നടത്താവുവെന്നും ആരോഗ്യസംവിധാനങ്ങൾക്ക് നിയന്ത്രിക്കാനാവാത്ത സാഹചര്യം വന്നാൽ അടച്ചിടൽ വേണ്ടിവരുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍