ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ഇ.ഐ.ഡി. സെല്‍ നോഡല്‍ ഓഫീസറുടെയും മേല്‍നോട്ടത്തിലാണ് ഈ പഠനം നടത്തുന്നത്. ജില്ലാ തലത്തില്‍ ജില്ലാ സര്‍വൈയ്ലന്‍സ് ഓഫീസര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. താലൂക്കാശുപത്രികളിലെ സൂപ്രണ്ടായിരിക്കും അതാത് പഠനമേഖലയില്‍ നേതൃത്വം നല്‍കുന്നത്.
ആരോഗ്യ വകുപ്പിലെ ജില്ലാ സര്‍വൈയ്ലന്‍സ് ഓഫീസര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, പോലീസ് സ്റ്റേഷനുകളുടെയും ലിസ്റ്റ് തയ്യാറാക്കുകയും അതില്‍ നിന്നും 5 വീതം സ്ഥാപനങ്ങളെ ഓരോ ജില്ലയില്‍ നിന്നും പഠനത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥലങ്ങളില്‍ നിന്നും 12 പേരെ വീതം പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.
സംസ്ഥാനത്താകമാനം 18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളില്‍ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു ജില്ലയില്‍ ഏറ്റവും കുറഞ്ഞത് 350 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുകൂടാതെ ഓരോ ജില്ലയില്‍ നിന്നും കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് 240 സാമ്പിളുകള്‍ പരിശോധിക്കുന്നതാണ്.