കൊവിഡ് ഭീതി: ചൂര്‍ണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളും ക്ലസ്റ്ററാക്കും
എറണാകുളം ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണ്‍ ആയ ആലുവയില്‍ രോഗ വ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ ആലുവയുടെ സമീപ പഞ്ചായത്തുകളായ ചൂര്‍ണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ ആക്കി മാറ്റുമെന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ അറിയിച്ചു. ക്ലസ്റ്ററില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തന അനുമതി നല്‍കും.
തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കുന്ന കരുണാലയത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കി മാറ്റും. ജില്ല തല കോവിഡ് അവലോകനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ ആണ് മന്ത്രി നിയന്ത്രണങ്ങള്‍ അറിയിച്ചത്. ജില്ലയില്‍ വയോജനങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കര്‍ശനമാക്കും. മുവാറ്റുപുഴ പെഴക്കാപ്പള്ളി മല്‍സ്യ മാര്‍ക്കറ്റും അടച്ചിടും. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്.