രോഗവ്യാപനത്തിന്റെ പ്രതിവാര വര്‍ദ്ധന അഞ്ച് ശതമാനം കുറഞ്ഞു: മുഖ്യമന്ത്രി

എ കെ ജെ അയ്യര്‍

ചൊവ്വ, 3 നവം‌ബര്‍ 2020 (10:26 IST)
തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനത്തിന്റെ പ്രതിവാര വര്‍ദ്ധന അഞ്ച് ശതമാനം കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ക്യുമുലേറ്റീവ് ഡബ്‌ളിങ്ങ് റേറ്റ് 40 ദിവസമായി വര്‍ദ്ധിക്കുകയും ചെയ്തു. രോഗവിമുക്തിയുടെ നിരക്കും കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധ വല്‍ക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
 
'മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ക്യാമ്പയിന്‍ ആധുനിക ആശയവിനിമയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കും.കേരളത്തില്‍ നിലവില്‍ കേസ് പെര്‍ മില്യണ്‍ 12,329 ആണ്. ദേശീയ ശരാശരി 5963 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 1,31,516 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെര്‍ മില്യണ്‍. ഇന്ത്യന്‍ ശരാശരി 80248 ആണ്. രോഗവ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.34 ശതമാനമാണ്. ദേശീയ ശരാശരി 1.49 ആണ്. കേരളത്തില്‍ ഇതുവരെ മരണമടഞ്ഞവരില്‍ 94 ശതമാനവും മറ്റു രോഗാവസ്ഥകള്‍ ഉള്ളവരായിരുന്നു. 72.3 ശതമാനം പേര്‍ 60 വയസ്സിനും മുകളിലുള്ളവരായിരുന്നു.
 
രോഗബാധിതര്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും അതു ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാനും സാധിച്ചതുകൊണ്ടാണ് മരണസംഖ്യ കുറച്ചുനിര്‍ത്താന്‍ കഴിയുന്നത്.സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ട്രയലുകള്‍ ചെയ്യുന്നതിനായി റെഡ്ഡീസ് ലബോറട്ടറിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഇന്ത്യയില്‍ ഇതുവരെ ക്‌ളിനിക്കല്‍ ട്രയലുകള്‍ തുടങ്ങിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സിറം ഇന്ത്യ ലിമിറ്റഡ് ആവശ്യപ്പെട്ടതു പ്രകാരം തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ചു മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍