അത് ഒരു പ്രാദേശിക കലാകാരന്‍റെ ചിന്ത മാത്രമായിരുന്നു. കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങള്‍ക്ക് ഒരു ‘ഹെല്‍മെറ്റ് ബോധവത്‌കരണം’ നല്‍കുക. അങ്ങനെയാണ് നാടിനെക്കുറിച്ചും നാട്ടുകാരുടെ സുരക്ഷയെക്കുറിച്ചും കരുതലുള്ള ചെന്നൈയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ തലയില്‍ ‘കൊറോണ വൈറസ്’ മോഡലിലുള്ള ഒരു ഹെല്‍മെറ്റ് പ്രത്യക്ഷപ്പെട്ടത്. ആ ഹെല്‍മെറ്റും അണിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങി ജനങ്ങളെ ബോധവത്‌കരിക്കുന്നു. ലോക്‍ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങുന്നവരുടെ മുന്നില്‍ ‘കൊറോണത്തല’യുമായി പൊലീസ് ഉദ്യോഗസ്ഥരെത്തും. അപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് കാര്യം മനസിലാകുകയും ചെയ്യും.
ഗൌതം എന്ന കലാകാരനാണ് ഹെൽമെറ്റ് രൂപകൽപ്പന ചെയ്തത്. “പൊതുജനം കോവിഡ് -19 അവസ്ഥയെ ഗൗരവമായി പരിഗണിക്കുന്നില്ല. മറുവശത്ത്, പോലീസ് ഉദ്യോഗസ്ഥരാകട്ടെ, ആളുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെയുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്നു. രോഗം പടര്‍ന്നുപിടിക്കുന്ന സമയത്ത് പുറത്തിറങ്ങിനടക്കരുതെന്ന് ജനങ്ങളെ ബോധവത്‌കരിക്കാന്‍ കഷ്‌ടപ്പെടുന്നു” - ഗൌതം പറയുന്നു.