Subi Suresh: അമ്മയുടെ സഹോദരിയുടെ മകള്‍ സുബിക്ക് കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു, അതിനിടെ വൃക്കയില്‍ അണുബാധയുണ്ടായി

ബുധന്‍, 22 ഫെബ്രുവരി 2023 (12:27 IST)
Subi Suresh: കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ച നടി സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച് സുഹൃത്തും നടനുമായ ടിനി ടോം. കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി സുബി ആശുപത്രിയിലായിരുന്നെന്നും മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും ടിനി ടോം പറഞ്ഞു. 
 
രോഗത്തെ കുറിച്ച് സുബി അധികം ആരോടും പറഞ്ഞിരുന്നില്ല. കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ട് ഒരു എട്ട് ദിവസം കൊണ്ട് ചെയ്യേണ്ട നടപടികള്‍ നാല് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാന്‍ തയ്യാറായതെന്നും ടിനി ടോം പറഞ്ഞു. 
 
കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ ശനിയാവ്ചയോടു കൂടി പൂര്‍ത്തിയാക്കി. പക്ഷേ അതിനിടയിലാണ് സുബിയുടെ ആരോഗ്യ സ്ഥിതി മോശമായത്. വൃക്കയില്‍ അണുബാധയുണ്ടായി. മറ്റ് അവയവങ്ങളിലേക്കും അത് പടര്‍ന്നു. അതിനിടെ രക്തസമ്മര്‍ദ്ദം കൂടുകയും ചെയ്തു. അതുകൊണ്ട് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയതെന്നും ടിനി ടോം പറഞ്ഞു. 
 
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സുബി സുരേഷ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം. 1988 ഓഗസ്റ്റ് 23 നാണ് സുബിയുടെ ജനനം. സ്റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്. അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍