ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തിയ സത്യന്‍ ചികിത്സയിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്. രക്താര്‍ബുദ ബാധിതനായിരുന്നു സത്യന്‍. രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ സത്യനോട് പറഞ്ഞിരുന്നു. എന്നാല്‍, അതൊന്നും അനുസരിക്കാതെ സത്യന്‍ അഭിനയം തുടര്‍ന്നു.
ഇന്‍ക്വിലാബ് സിന്ദാബാദ് സിനിമയുടെ ചിത്രീകരണത്തിനു ശേഷമാണ് പതിവ് ചെക്കപ്പിനായി ചെന്നൈ കെ.ജെ.ആശുപത്രിയില്‍ സത്യന്‍ എത്തിയത്. തിരിച്ചിറങ്ങാന്‍ നേരം ഡോക്ടര്‍ ജഗദീശന് സത്യന്‍ കൈകൊടുത്തു. രക്തം കയറ്റുന്ന കാര്യം ഉറപ്പാക്കാന്‍ വേണ്ടി കൂടിയാണ് സത്യന്‍ ആശുപത്രിയിലെത്തിയത്. സത്യന്റെ കൈ പിടിച്ചതും ഡോക്ടര്‍ ജഗദീശന് പന്തികേട് മണത്തു. പനിയുണ്ടെന്ന് ഡോക്ടര്‍ക്ക് സംശയമായി. സത്യനെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീട് സ്ഥിതി വഷളായി.
ആദ്യം അധ്യാപകനായും പിന്നീട് സൈനികനായും പൊലീസ് ഉദ്യോഗസ്ഥനായും ജോലി ചെയ്തു. ശേഷം സിനിമയിലേക്ക്. നാടകാഭിനയത്തിലൂടെയാണ് സത്യന്‍ സിനിമയിലേക്ക് എത്തുന്നത്. 1951 ല്‍ ത്യാഗസീമ എന്ന സിനിമയില്‍ സത്യന്‍ അഭിനയിച്ചു. എന്നാല്‍, ആ സിനിമ പുറത്തിറങ്ങിയില്ല.
1952 ല്‍ പുറത്തിറങ്ങിയ 'ആത്മസഖി' എന്ന സിനിമ സൂപ്പര്‍ഹിറ്റായി. സത്യനായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 1954 ല്‍ പുറത്തിറങ്ങിയ 'നീലക്കുയില്‍' ആണ് സത്യന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ. ഉറൂബ് രചിച്ച നീലക്കുയില്‍ സംവിധാനം ചെയ്തത് രാമു കാര്യാട്ട്-പി.ഭാസ്‌കരന്‍ സഖ്യമാണ്. സിനിമയിലെ ഗാനങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുത്തു. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ആദ്യ മലയാള ചിത്രമായിരുന്നു നീലക്കുയില്‍. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സത്യനും മിസ് കുമാരിയും കൈയടി നേടി.
കാലം മാറുന്നു, ദേവ സുന്ദരി, മിന്നുന്നതെല്ലാം പൊന്നല്ല, മുടിയനായ പുത്രന്‍, കണ്ണും കരളും, ഇണപ്രാവുകള്‍, കടത്തുകാരന്‍, ചെമ്മീന്‍, മിടുമിടുക്കി, അഗ്‌നിപരീക്ഷ, അരനാഴികനേരം, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി 140 ലേറെ സിനിമകളില്‍ സത്യന്‍ അഭിനയിച്ചിട്ടുണ്ട്.