'കാലം മറുപടി നൽകും'; ടിവികെ നേതാവിന്റെ ആരോപണത്തോട് രജനീകാന്ത്

രേണുക വേണു

ബുധന്‍, 18 മാര്‍ച്ച് 2026 (09:45 IST)
Rajinikanth
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സൂപ്പർതാരം രജനീകാന്തിനെതിരെ ആരോപണവുമായി ടിവികെ നേതാവ് ആധവ് അർജുന രം​ഗത്തെത്തിയത്.
ര‍ജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാതിരുന്നത് ഡിഎംകെ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നായിരുന്നു ആധവ് അർജുനയുടെ അവകാശവാദം. അദ്ദേഹത്തിന്റെ പരമാർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിഷയത്തിലിപ്പോൾ രജനീകാന്ത് തന്നെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ്.
 
ഇതിന് കാലം കാത്തിരുന്ന് മറുപടി നൽകുമെന്നാണ് രജനീകാന്ത് എക്സിൽ കുറിച്ചത്. ടിവികെ നേതാവ് നടത്തിയ പരാമർശം അസത്യമാണെന്ന് പറഞ്ഞ താരം തന്നെ പിന്തുണച്ച എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കും ആരാധകർക്കും നന്ദിയും അറിയിച്ചു. "കാലം സംസാരിക്കില്ല, പക്ഷേ ഉത്തരം നൽകാൻ അത് ക്ഷമയോടെ കാത്തിരിക്കും.. എനിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങളെ അപലപിക്കുകയും എനിക്ക് പിന്തുണയുമായി ശബ്ദമുയർത്തുകയും ചെയ്ത എല്ലാവരോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ചെയ്യുന്നു'; രജനീകാന്ത് കുറിച്ചു. 
 
തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, കേന്ദ്രമന്ത്രി എൽ. മുരുകൻ, തമിഴ്നാട് മന്ത്രി രഘുപതി, തിരുമാവളവൻ, അണ്ണാമലൈ, അൻപുമണി രാമദോസ് തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കൾക്കാണ് അദ്ദേഹം നന്ദി അറിയിച്ചത്.
 
മാർച്ച് 12-ന് നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെയാണ് ആദവ് അർജുനൻ വിവാദ പരാമർശം നടത്തിയത്. ഡിഎംകെ കുടുംബം രജനീകാന്തിനെ ഭീഷണിപ്പെടുത്തുകയും അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു, മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എംജി രാമചന്ദ്രന്റെ കാലഘട്ടത്തിനുശേഷം, ഒരു ബഹുജന രാഷ്ട്രീയ നേതാവായി ഉയർന്നുവരാനും വ്യവസ്ഥാപരമായ മാറ്റം കൊണ്ടുവരാനും നടൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഭീഷണിപ്പെടുത്തൽ അദ്ദേഹത്തെ പിന്തിരിപ്പിച്ചുവെന്നും അർജുന പറയുകയുണ്ടായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍