തെലുങ്കിലെ കണ്ണമ്മയെത്തി, നിത്യാ മേനോന്റെ ക്യാരക്‌റ്റർ ലുക്ക് പുറത്തുവിട്ട് അണിയറക്കാർ

ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (17:43 IST)
ടോളിവുഡിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ ഏറ്റവും കൂടുതൽ പ്രേക്ഷകപ്രതീക്ഷയുള്ള ചിത്രമാണ് പവൻ കല്യാൺ നായകനാകുന്ന ഭീല നായക്. മലയാളത്തിൽ സൂപ്പർ ഹിറ്റായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻറ്റെ തെലുങ്ക് റീമേക്കിൽ പവൻ കല്യാണും റാണാ ദഗുബാട്ടിയു‌മാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഇരുവരുടെയും ക്യാരക്റ്റര്‍ ലുക്കുകളും പേരുകളുമൊക്കെ നേരത്തേ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ആകാംക്ഷകൾക്ക് അറുതിയിട്ട് ചിത്രത്തിലെ നിത്യാമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ലുക്കും പുറത്തെത്തിയിരിക്കുകയാണ്. മലയാളത്തില്‍ ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിത്യയെത്തുന്നത്. എന്നാൽ തെലുങ്കില്‍ നിത്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരടക്കം മറ്റു വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.
 
സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയുമെങ്കിൽ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. സിനിമ 2022 ജനുവരി 12ന് തിയറ്ററുകളില്‍ എത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍