നരസിംഹത്തിലെ ഇന്‍ട്രോ സീന്‍ ഭാരതപ്പുഴയില്‍ വെച്ചല്ല, മോഹന്‍ലാല്‍ പൊന്തി വന്നത് ഒരു കുളത്തില്‍ നിന്ന്; വെളിപ്പെടുത്തലുമായി ഷാജി കൈലാസ്

ബുധന്‍, 20 ജൂലൈ 2022 (15:38 IST)
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് നരസിംഹം. രഞ്ജിത്താണ് നരസിംഹത്തിന്റെ തിരക്കഥ ഒരുക്കിയത്. ഇന്ദുചൂഡന്‍ എന്ന മാസ് കഥാപാത്രത്തെയാണ് നരസിംഹത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ എത്ര കണ്ടാലും മതിവരാത്തതാണ്. അത്രത്തോളം മാസ് ആയാണ് മോഹന്‍ലാല്‍ വെള്ളത്തില്‍ നിന്ന് രൗദ്രഭാവത്തില്‍ പൊന്തിവരുന്നത്. ഈ സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. 
 
' മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഭാരതപ്പുഴയിലാണ് ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. ലാല്‍ ആ സീന്‍ ഷൂട്ട് ചെയ്യാന്‍ വരുന്നതിന്റെ തലേദിവസം എല്ലാ കാര്യങ്ങളും ചെക്ക് ചെയ്യണം. ലാലിന് എവിടെ പൊസിഷന്‍ കൊടുക്കണം എന്നൊക്കെ നോക്കണം. വേറൊരു ആളെ വെള്ളത്തിലിറക്കി. വെള്ളത്തില്‍ ഇറങ്ങി ക്യാമറ വെച്ചിട്ട് ഒന്ന് മുതല്‍ എട്ട് വരെ എണ്ണും. അപ്പോള്‍ പൊന്തി വരണം എന്ന് അയാളോട് പറഞ്ഞിട്ടാണ് ഇറക്കിയത്. ഇരുപത് വരെ എണ്ണിയിട്ടും പുള്ളി വെള്ളത്തില്‍ നിന്ന് പൊങ്ങുന്നില്ല. ഞാന്‍ പേടിച്ചു. വേറെ ആളുകളോട് ചാടാന്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അകലെ നിന്ന് പുള്ളി സാര്‍ എന്ന് വിളിച്ച് കൈ പൊന്തിച്ച് കാണിക്കുന്നു. അടിയൊഴുക്ക് കൊണ്ടുപോയതാണ്. ഈ സീന്‍ ഭാരതപ്പുഴയില്‍ ലാലിനെ വെച്ച് എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് എനിക്ക് അറിയത്തില്ല. ഞാന്‍ പിന്നെ ഒരു കുളത്തില്‍ വെച്ചാണ് ആ ഇന്‍ട്രോ സീന്‍ ഷൂട്ട് ചെയ്തത്. ആ രംഗത്തില്‍ കാണിക്കുന്ന സിംഹം ഒറിജിനല്‍ ആണ്,' ഷാജി കൈലാസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍