ഭീഷ്‌മയിലൂടെ കരിയറിലെ വലിയ വിജയം സ്വന്തമാക്കി നിൽക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മെയ് ഒന്നിന് സിബിഐ, മെയ് 13ന് പുഴു എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. എഴുപതിന്റെ ചെറുപ്പത്തിൽ വിജയചിത്രങ്ങൾ ഇപ്പോഴും പുറത്തിറക്കുമ്പോൾ താരത്തിന്റെ പഴയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും സംസാരവിഷയമാകുന്നത്.
ടെലിവിഷന്‍ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ ബിബിസിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ തുറന്നുപറച്ചിലുകളാണ് ആരാധകർ പൊടിതട്ടിയെടുത്തിരിക്കുന്നത്. എണ്‍പതുകള്‍ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു. ഒരു തിരിച്ചുവരവ് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അതേ കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷം തോന്നുമെങ്കിലും എന്റെ അനുഭവങ്ങൾ വളരെ വേദനിപ്പിക്കുന്നതായിരുന്നു.
ആളുകൾ എന്നെ ഒരു നടനെന്ന നിലയിൽ ഏറെ തരം താഴ്‌ത്തി. പക്ഷേ എനിക്ക് പുനർജന്മം സംഭവിച്ചു. എല്ലാം അവസാനിച്ചെന്ന് കരുതിയ സമയത്ത് ചാരത്തിൽ നിന്നെന്ന പോലെ ഒരു റീ ബെര്‍ത്ത് സംഭവിച്ചു. എല്ലാം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടെന്ന് പറയാം. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്. അഭിമുഖത്തിൽ മമ്മൂട്ടി പറയുന്നു.