മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് ഇന്നേക്ക് 51 വര്‍ഷം. പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിച്ചത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. ക്ലാസ് കട്ട് ചെയ്താണ് മമ്മൂട്ടി അന്ന് സിനിമയില്‍ അഭിനയിക്കാന്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ സെറ്റിലേക്ക് എത്തിയത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്.
കെ.എസ്.സേതുമാധവനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. ഷീലയായിരുന്നു സത്യന്റെ നടി. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലൂടെ.