കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള'യുടെ തെലുങ്ക് ഉള്‍പ്പെടെയുള്ള അന്യഭാഷാ റീമേക്കുകള്‍ക്കുള്ള വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു. സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കപ്പേളയുടെ അന്യഭാഷാ റീമേക്കുകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
2020-ലെ ചിത്രത്തിന്റെ നെറ്റ്ഫ്ളിക്സ് റിലീസിംഗിനു ശേഷം ഉടന്‍ തന്നെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വിറ്റുപോയിരുന്നു. അതിനുശേഷം ചിത്രത്തിനു കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യുവാനുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. വീണ്ടും ഒരുവര്‍ഷത്തിനു ശേഷമാണ് തനിക്കും ഈ ചിത്രത്തിന്റെ തിരക്കഥയില്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് സുധാസ് എന്ന വ്യക്തി എത്തിയത്.
അസിസ്റ്റന്റ് ഡയറക്ടറായി എത്തുകയും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് ഡയറക്ഷന്‍ ടീമിലെ ഒരാളെന്ന നിലയില്‍ നില്‍ക്കുകയും ചെയ്ത സുധാസ് പിന്നീട് രജനികാന്തിന്റെ 'ദര്‍ബാര്‍' എന്ന ചിത്രത്തില്‍ സഹായിയായി പോവുകയും കപ്പേളയുടെ സെറ്റില്‍ നിന്ന് പോകുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു മാസം ചിത്രത്തിന്റെ ഡയറക്ഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുകയും സ്‌ക്രിപ്റ്റ് ചര്‍ച്ചയില്‍ കൂടെയിരിക്കുകയും ചെയ്തു എന്ന കാരണത്താലും നിര്‍മ്മാതാവും സംവിധായകനും കോറൈറ്റര്‍ എന്ന സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പേര് ടൈറ്റിലില്‍ ഉള്‍പ്പെടുത്തി. പ്രീപ്രൊഡക്ഷന്‍ സമയത്ത് ഉണ്ടായിരുന്നു എന്ന കാരണത്താല്‍ സുധാസ് കൃത്യമായി ഒരുമാസത്തെ പ്രതിഫലവും കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ പേരു വച്ചതിനാല്‍ സുധാസ് ഈ സാഹചര്യം മുതലെടുക്കുകയായിരുന്നു. ഈ വ്യക്തി ജില്ലാ കോടതിയെ സമീപിക്കുകയും പിന്നീട് കോടതി താത്കാലികമായി സിനിമയുടെ റീമേക്ക് വിലക്കുകയും ചെയ്തിരുന്നു. ആ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി പിന്‍വലിച്ചത്. സ്റ്റോറി ഐഡിയ നല്‍കിയ വാഹിദും, തിരക്കഥാകൃത്തും സംവിധായകനുമായ മുഹമ്മദ് മുസ്തഫയും നിര്‍മ്മാതാവ് വിഷ്ണു വേണുവും ചേര്‍ന്നാണ് കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചത്.
അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിച്ച് വലിയ രീതിയിലുള്ള പ്രശംസ നേടിയ ചിത്രമാണ് കപ്പേള. തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം പ്രദര്‍ശനം അധികനാള്‍ നീണ്ടുനിന്നില്ല. പിന്നീട് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തുവന്നപ്പോള്‍ ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ ഇടയില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ധാരാളം പുരസ്‌കാരങ്ങളും 'കപ്പേള'യെ തേടിയെത്തുകയും ചെയ്തിരുന്നു. ചിത്രത്തില്‍ അന്ന ബെന്നിന്റെ പ്രകടനത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതും സംവിധായകന്‍ മുഹമ്മദ് മുസ്തഫയ്ക്ക് മികച്ച നവാഗതസംവിധായകനുള്ള അവാര്‍ഡ് ലഭിച്ചതും ശ്രദ്ധേയമാണ്.