ഭാരതത്തിന്‍റെ തര്‍ക്കങ്ങള്‍ പുകയുന്ന അതിര്‍ത്തികള്‍

ശനി, 12 ഓഗസ്റ്റ് 2017 (21:28 IST)
കശ്മീര്‍ ഇന്നും പുകയുന്ന മണ്ണാണ്. സ്വാതന്ത്ര്യം നേടി എഴുപതാണ്ട് കഴിഞ്ഞിട്ടും കശ്മീരിനെച്ചൊല്ലി നമ്മള്‍ വേവലാതിപ്പെടുന്നു. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്കൊന്നും ഈ വിഷയത്തില്‍ ശാശ്വതമായ ഒരു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. അതിര്‍ത്തിയില്‍ ഈ വിഷയത്തില്‍ പാകിസ്ഥാനുമായി യുദ്ധസമാനമായ സാഹചര്യമാണ് എപ്പോഴും.
 
ഓരോ സര്‍ക്കാരിനും കശ്മീര്‍ വിഷയം ഒരു തലവേദനയായി മാറുമ്പോഴും അത് എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ ക്രിയാത്മകമായി ഒരു നിലപാടെടുക്കാന്‍ സാധിച്ചിട്ടില്ല. ഇവിടെയുണ്ടാകുന്ന പ്രകോപനം ഇരു രാജ്യങ്ങളെയും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കുപോലും പ്രേരിപ്പിക്കുന്നു.
 
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടില്‍ നിന്നും ഇന്ത്യ ഒരുകാലത്തും പിന്നോട്ടുപോയിട്ടില്ല. എന്നാല്‍ പാകിസ്ഥാനാവട്ടെ മുഴുവന്‍ കശ്മീരിന്‍റെയും ആധിപത്യം അവകാശപ്പെടുന്നു. കശ്മീര്‍ ജനത ഈ തര്‍ക്കത്തിന്‍റെ തീയും മുറിവും അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
 
പാകിസ്ഥാനുമായി കശ്മീര്‍ സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ കശ്മീര്‍ മേഖലയില്‍ ചൈനയുമായും ഇന്ത്യയ്ക്ക് തര്‍ക്കമുണ്ട്. അത് അക്സായ് ചിന്‍ പ്രദേശവുമായി ബന്ധപ്പെട്ടാണ്. 
 
ജമ്മു കശ്മീരിലെ ലഡാക് ജില്ലയുടെ ഭാഗമാണ് അക്സായ് ചിന്‍ എന്ന് നമ്മള്‍ പറയുമ്പോഴും അത് ചൈനയുടെ നിയന്ത്രണത്തിലാണ്. നമ്മുടെ ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന അക്ഷയചീനാ ഇതുതന്നെ. എന്നാല്‍ ചൈന ഒരിക്കലും ഈ പ്രദേശം ഇന്ത്യയുടേതാണെന്ന് അംഗീകരിച്ചുതരുന്നില്ല. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മലമ്പാതയായ കാരക്കോറം ഹൈവേ അക്സായ് ചിന്‍ വഴിയാണ് കടന്നുപോകുന്നത്.
 
അക്സായ് ചിന്‍ കഴിഞ്ഞാലും ചൈനയുമായുള്ള തര്‍ക്കം അവസാനിക്കുന്നില്ല. അരുണാചല്‍ പ്രദേശാണ് ഈ തര്‍ക്കദേശം. അരുണാചലിന്‍റെ അതിര്‍ത്തിയെ ചൈന അംഗീകരിക്കുന്നില്ല. തുടക്കം മുതല്‍ ഇന്നുവരെ അവിടം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്.
 
അരുണാചല്‍ ഇന്ത്യയിലെ മറ്റിടങ്ങള്‍ പോലെയല്ല. 15 ഭാഷകളാണ് ആ സംസ്ഥാനത്തുള്ളത്. ഇന്ത്യയില്‍ ആകെയുള്ള 1000 തരം ഓര്‍ക്കിഡുകളില്‍ 600 ഇനങ്ങള്‍ അരുണാചലില്‍ കാണാം. അരുണാചലിന്‍റെ അതിര്‍ത്തി തെക്കന്‍ ടിബറ്റായി ചൈന പരിഗണിക്കുമ്പോള്‍ തര്‍ക്കത്തിന്‍റെ പുകയടങ്ങുന്നില്ല.
 
കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി ബംഗ്ലാദേശുമായി ഇന്ത്യയ്ക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്. എന്നാല്‍ പാകിസ്ഥാനുമായും ചൈനയുമായുമുള്ള തര്‍ക്കങ്ങള്‍ അന്തമില്ലാതെ തുടരുമ്പോള്‍ തന്നെ ഇന്ത്യയും ബംഗ്ലാദേശുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ പാസാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക