ഒക്‍ടോബര്‍ 11ന് രാവിലെ 7:09ന് മലയാള സിനിമയെ മോഹന്‍ലാല്‍ പിടിച്ചുകുലുക്കും!

ചൊവ്വ, 10 ജൂലൈ 2018 (11:52 IST)
പല വലിയ സിനിമകളും സംഭവിച്ചുപോകുന്നതാണ്. ന്യൂഡല്‍ഹി ഇത്ര വലിയ ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. കിലുക്കവും മണിച്ചിത്രത്താഴും ഇങ്ങനെ ആഘോഷിക്കപ്പെടുമെന്ന് ആരും കരുതിയതല്ല. പുലിമുരുകന്‍ 100 കോടി ക്ലബിലെത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. എന്നാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന, 100 കോടി ക്ലബില്‍ ഇടം നേടുമെന്ന് പ്രവചിക്കപ്പെടുന്ന ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.
 
മോഹന്‍ലാല്‍ നായകനാകുന്ന ‘ഒടിയന്‍’. ഒക്‍ടോബര്‍ 11ന് രാവിലെ 7:09ന് ചിത്രത്തിന്‍റെ ആദ്യ ഷോ തുടങ്ങുമെന്ന് പറയുന്നത് തിരക്കഥാകൃത്ത് ഹരികൃഷ്ണനാണ്. അത്രയും കൃത്യതയോടെയാണ് ഒടിയന്‍റെ എല്ലാക്കാര്യങ്ങളും മുന്നോട്ടുപോകുന്നത്. ചിത്രത്തിന്‍റെ വിജയത്തിന്‍റെ വലിപ്പത്തിന്‍റെ കാര്യത്തിലും ആ കണക്കുകൂട്ടലുകള്‍ ഉണ്ട്. അത് ശരിയാവുകയും ചെയ്യും. 
 
തൂവാനത്തുമ്പികള്‍ ഇഷ്ടപ്പെട്ടവര്‍ക്കും പുലിമുരുകന്‍ ഇഷ്ടപ്പെട്ടവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ഒടിയന്‍ എന്ന് ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നു. തലമുറകളായി പറഞ്ഞുകേട്ട ഒടിയന്‍റെ കഥയും സവിശേഷതകളും മാറ്റിനിര്‍ത്തിയാണ് ഈ സിനിമ സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ സിനിമ എല്ലാ തലമുറകളില്‍ പെട്ടവര്‍ക്കും ഒരു ആഘോഷമായിരിക്കും.
 
“ഒടിയന്‍ സിനിമയാക്കാന്‍ വേണ്ടി ഞാനും ശ്രീകുമാര്‍ മേനോനും കൂടിയുള്ള ആലോചനയുടെ ആദ്യ വാചകത്തില്‍ തന്നെ മോഹന്‍ലാല്‍ വന്നിരുന്നു” - എന്നാണ് ഹരികൃഷ്ണന്‍ ഈ അഭിമുഖത്തില്‍ പറയുന്നത്. അതായത്, ഒടിയന്‍ എന്ന സിനിമയും കഥാപാത്രവും മോഹന്‍ലാലിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ്. മോഹന്‍ലാല്‍ എന്ന താരത്തെയും അഭിനേതാവിനെയും പരമാവധി ഉപയോഗപ്പെടുത്തുന്ന സിനിമ.
 
ഒടിയന്‍ എന്ന സിനിമയ്ക്ക് ബജറ്റില്ല എന്നതാണ് മറ്റൊരു കാര്യം. ഈ സിനിമയ്ക്ക് ചെലവാകുന്നതെത്രയോ അതാണ് ബജറ്റെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ തീരുമാനിച്ചിരുന്നു. ഒടിയന്‍റെ ഗ്രാഫിക്സിനായി ചെലവഴിച്ചതുതന്നെ ഒരു വലിയ മലയാള സിനിമയുടെ ബജറ്റാണെന്നും ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തിരക്കഥാകൃത്ത് വ്യക്തമാക്കുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍