മമ്മൂട്ടിയും എം ടി വാസുദേവന്‍ നായരും ഒരു പ്രൊജക്ടിനായി ഒരുമിക്കുന്നു എന്നുപറയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ആവേശഭരിതരാകും. അവര്‍ ഒരുമിച്ച സിനിമകളുടെ ക്വാളിറ്റിയാണ് ആ ആവേശം ഉണര്‍ത്തുന്നത്. വടക്കന്‍ വീരഗാഥയും സുകൃതവും അടിയൊഴുക്കുകളും പഴശ്ശിരാജയും ആള്‍ക്കൂട്ടത്തില്‍ തനിയെയും അക്ഷരങ്ങളും അനുബന്ധവുമെല്ലാം ആ കൂട്ടുകെട്ടിന്‍റെ മഹാവിജയങ്ങളായി ജനമനസുകളില്‍ ജീവിക്കുന്നു. ഒരിക്കല്‍ പോലും ആ ചേര്‍ച്ചയ്ക്ക് ഒരു വിള്ളലുണ്ടായില്ല. അത്രമേല്‍ പൂര്‍ണം എന്നുപറയാവുന്ന ഒരു കൂടിച്ചേരലായിരുന്നു അത്.
“ഇടക്കാലത്ത് മമ്മൂട്ടിക്ക് ഒരു മോശം കാലമുണ്ടായിരുന്നു. തിയേറ്ററിൽ മമ്മൂട്ടിയെ കാണുമ്പോൾ കൂക്കിവിളിക്കുന്ന ഒരു കാലം. എന്തായിരുന്നു അതിന് കാരണമെന്നു ആർക്കും പറയാൻ പറ്റില്ല. അത്ര മോശമായ പ്രകടനമൊന്നും കൊണ്ടല്ല. നമ്മുടെ ജനത്തിന്‍റെയൊരു സ്വഭാവമാണത്. അന്ന് മമ്മൂട്ടിയെ പ്രൊഡ്യൂസർമാർക്ക് വേണ്ട. ഡയറക്ടർമാർക്ക് വേണ്ട. അങ്ങനെയൊരു കാലഘട്ടം. അതിലാണ് ഞാൻ മമ്മൂട്ടിയെ ഏറ്റവുമധികം അഭിനന്ദിക്കുകയും ഇഷ്ടപ്പെടുകയുമൊക്കെ ചെയ്യുന്നത്. അന്ന് അദ്ദേഹത്തിന്‍റെ മനസ് ഇടറിയില്ല. ആത്മസംയമനത്തോടെ നേരിട്ടു. മമ്മൂട്ടിയുടെ വിജയത്തിന്‍റെ അടിസ്ഥാനം എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്‍റെ അദ്ധ്വാനം എന്നുതന്നെ പറയാം. ആത്മവിശ്വാസം, പിന്നെ ആത്മ സമർപ്പണം. ചെയ്യുന്ന എന്തിനോടും പരിപൂർണ്ണമായിട്ട് നീതി കാണിക്കുന്ന, എല്ലാം സമർപ്പിക്കുന്ന ഒരാത്മാർപ്പണമുണ്ട്. അധ്വാനിക്കുക, അദ്ധ്വാനം ഒരു ചെറിയ കാര്യമല്ല” - എം ടി പറയുന്നു.
"മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി മെത്തേഡ് ആക്ടിങ് എന്നൊക്കെ പറയുന്നത് ശരിയല്ല. മെത്തേഡ് ആക്ടിങ് എന്നൊക്കെ പറഞ്ഞാൽ മുമ്പ് ഒരു കാലഘട്ടത്തിൽ അമേരിക്കയിൽ ഉണ്ടായതാണ്. അത് വളരെ ഒതുങ്ങിയ അഭിനയമാണ്. മമ്മൂട്ടി അങ്ങനെയല്ല. ഒതുങ്ങി അഭിനയിക്കേണ്ട സമയത്ത് ഒതുങ്ങുകയും വാചാലമാകേണ്ടിടത്ത് വാചാലമാകുകയും അതുപോലെ അംഗവിക്ഷേപങ്ങൾ ആവശ്യമില്ലാത്തിടത്ത് അവയൊതുക്കുകയും അല്ലാത്തിടത്ത് അത് ധാരാളമായിട്ട് ഉപയോഗിക്കുകയും ചെയ്യുന്നു. അതിൽ ഒരു മുൻധാരണയോ നിയമമോ ഇല്ല. കഥാപാത്രത്തിന് ആവശ്യമായ രീതിയിലുള്ള ചലനവും ശബ്ദവും കൊടുത്തുകൊണ്ടുള്ള ഒരു ടോട്ടൽ ആക്റ്റിംഗാണ് മമ്മൂട്ടിയുടേത്. സമഗ്രമായ അഭിനയം” - എം ടി നിരീക്ഷിക്കുന്നു.
“എന്നോട് കുറച്ചു കാലം മുമ്പ് ജമ്മു കാശ്മീരിലോ മറ്റോ ജോലി ചെയ്യുന്ന ഒരു പട്ടാള ഉദ്യോഗസ്ഥൻ പറഞ്ഞു, മമ്മുട്ടി അവിടെ നായർ സാബിന്‍റെ ഷൂട്ടിങ്ങിന് ചെന്നുവത്രെ. മലയാളികളായ പട്ടാളക്കാർക്കൊക്കെ മമ്മൂട്ടിയുടെ ഷൂട്ടിങ് കാണാൻ വലിയ താൽപര്യമായിരുന്നു. മിലിട്ടറിക്കാർക്ക് ഒരു പ്രത്യേക രീതിയിൽ മാർച്ച് ചെയ്തിട്ട് പോകണമല്ലോ. നടത്തത്തിനൊക്കെ ഒരു പ്രത്യേക രീതി. അത് പരിശീലിച്ചവർക്കേ ചെയ്യാൻ പറ്റൂ. മമ്മൂട്ടി ഇത് ആദ്യം ചെയ്തതിൽ കുറച്ചു ബങ്കിൾ ചെയ്തിരുന്നു. അപ്പോൾ അവിടെ കണ്ടുനിൽക്കുന്ന പട്ടാളക്കാർ ചിരിച്ചു. ചിരിച്ച ഒരു പട്ടാളക്കാരനോട് മമ്മൂട്ടി പറഞ്ഞു, അതിന്‍റെ ശരിയായ രീതിയൊന്നു ചെയ്തുകാണിക്കാൻ. അതുകണ്ടുകഴിഞ്ഞ്, ശരിക്ക് ടേക്കിനുവേണ്ടി നടന്നു. കടുകിട തെറ്റാതെ നടന്നപ്പോൾ ആദ്യം ചിരിച്ച പട്ടാളക്കാർ കയ്യടിച്ചുവത്രെ. കുറച്ചുനേരം കാര്യങ്ങൾ നിരീക്ഷിച്ചപ്പോൾ ചെയ്യേണ്ട അതിസൂക്ഷ്മാംശങ്ങൾ പോലും പകർത്താൻ കഴിയുക. അതാണ് അദ്ധ്വാനം എന്നൊക്കെ പറയുന്നത്” - എം ടി പറയുന്നു.