വൈകുന്നേരങ്ങളിൽ ചായയ്‌ക്ക് ചെറുകടികൾ എല്ലാവർക്കും നിർബന്ധമായിരിക്കും. ചെറിയ കുട്ടികൾ ഉള്ള വീടുകളിലാണെങ്കിൽ ഓരോ ദിവസവും ഓരോ 'കടികൾ' ആയിരിക്കും വേണ്ടത്. വൈകുന്നേരങ്ങളിൽ സ്‌കൂൾ വിട്ട് വന്നാൽ ഉടനെ വയറ് നിറയെ കഴിക്കാൻ പാകത്തിന് വല്ലതും നിർബന്ധമായിരിക്കും. അമ്മമാർക്ക് പണിയാകുന്നത് ഓരോ ദിവസവും വ്യത്യസ്‌തമായവ പരീക്ഷിക്കുന്നതാണ്. എന്നാൽ ഇതാ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്നതുമായ മുന്തിരിക്കൊത്ത്.
ആദ്യം ചെറുപയര്‍ പരിപ്പ് നന്നായി വറുത്തെടുത്ത് ചൂടാറിയതിന് ശേഷം പൊടിച്ചെടുക്കുക. ശേഷം ഒരു പാനില്‍ ശര്‍ക്കര പാനി ഒഴിച്ച് തേങ്ങയും, പൊടിച്ച ചെറുപയര്‍ പരിപ്പും, ഏലക്കപൊടിച്ചതും ചേര്‍ത്ത് ഗ്യാസിൽ വയ്‌ക്കുക. വെള്ളം വറ്റും വരെ ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റിയതിന് ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ചൂടാറിയതിന് ശേഷം അത് ചെറിയ ഉരുളകളാക്കിയെടുക്കുക.
മറ്റൊരു ബൗളില്‍ അരിപൊടിയും, മഞ്ഞള്‍പൊടിയും മൈദയും, ഉപ്പും, വെള്ളവും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ഇനി ഓരോ ഉരുളയും മാവില്‍ മുക്കി എണ്ണയില്‍ ഇട്ട് വറുത്തു എടുക്കാം. ഇങ്ങിനെ തയ്യാറാക്കി കിട്ടുന്ന മുന്തിരിക്കൊത്ത് കേടുകൂടാതെ 1 ആഴ്ച വരെ ഉപയോഗിക്കാം.