‘കടയിൽ ചെന്ന് എന്താണ് ഓർഡർ ചെയ്യുന്നത്? പൊറോട്ടയും ബീഫും !’ - സുരേഷ് ഗോപിയുടെ പരിപാടിയിൽ സംഭവിച്ചത്

ഗോൾഡ ഡിസൂസ

ശനി, 16 നവം‌ബര്‍ 2019 (16:41 IST)
ബിജെപി നേതാവും എം പിയുമായ സുരേഷ് ഗോപി അവതാരകനായി എത്തുന്ന ജനപ്രീയ പരിപാടിയാണ് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’. മഴവിൽ മനോരമയിൽ സം‌പ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിയിലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരിക്കുന്നത്. ട്രോളർമാർക്കും ചാകരയായിരിക്കുകയാണ് ഈ സംഭവം.
 
മലപ്പുറം സ്വദേശി ശ്രീജിത്ത് പങ്കെടുത്ത എപ്പിസോഡിലായിരുന്നു രസകരമായ സംഭവം. ‘സിലോൺ, കോയിൻ എന്നിവ ഏതു ഭക്ഷ്യ വിവിധ തരങ്ങളാണ്’? എന്ന ചോദ്യത്തിനു നാല് ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. പൊറൊട്ട, ദോശ, ഇഡിയപ്പം, ഇഡ്ഡലി എന്നിവയായിരുന്നു ഓപ്ഷനുകൾ. ഓഡിയൻസിന്റെ അഭിപ്രായ പ്രകാരം ശ്രീജിത്ത് ‘പൊറൊട്ട’ എന്ന് ഉത്തരം നൽകുകയായിരുന്നു.
 
ശ്രീജിത്തിനോട് ‘പൊറൊട്ട കഴിച്ചിട്ടുണ്ടോ’ എന്ന് താരം ചോദിച്ചു. ഉണ്ടെന്നായിരുന്നു മറുപടി. അതോടെ ‘എന്താണ് കടയിൽ ചെന്നാൽ പറയുന്നത്’ എന്നും സുരെഷ് ഗോപി ചോദിച്ചു. ഒട്ടും ആലോചിക്കാതെ ആയിരുന്നു മത്സരാർത്ഥിയായ ശ്രീജിത്തിന്റെ ഉത്തരം. ‘പൊറൊട്ടയും ബീഫും’. ശ്രീജിത്തിന്റെ ഉത്തരം കേട്ട സുരെഷ് ഗോപി ‘ഓ’ എന്ന് മാത്രം പ്രതികരിച്ച ശേഷം പെട്ടന്ന് തന്നെ അടുത്ത ചോദ്യത്തിലേക്ക് കടക്കുകയായിരുന്നു.
 
ഏതായാലും ഇതോടെ സംഭവം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചിട്ടുണ്ട്. ബിജെപിയിൽ നിന്നും പലതവണയായി ബീഫ് വിൽക്കുന്നതിനെതിരായ നിലപാടുകൾ ഉയർന്നു വന്നിട്ടുമുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍