ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന കോം‌പാക്ട് എസ്‌യുവിയായി കിയയുടെ സോണറ്റ്

ബുധന്‍, 2 ഡിസം‌ബര്‍ 2020 (14:19 IST)
ആദ്യ വാഹനമായ സെൽറ്റോസിലൂടെ നേടിയ വിജയം സോണറ്റിലും ആവർത്തിച്ച് കിയ. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സബ് കോംപാക്ട് എസ്‌യുവി എന്ന ബഹുമതിയാണ് വിപണിയിൽ എത്തി മാസങ്ങൾക്കകം തന്നെ സോണറ്റ് സ്വന്തമാക്കിയിരിയ്ക്കുന്നത്. നവംബർ മാസത്തെ വിൽപ്പനയിലാണ് സോണറ്റ് ഈ നേട്ടം കൈവരിച്ചത്. 11,417 സോണറ്റ് യൂണിറ്റുകളാണ് കഴിഞ്ഞ മാസം ഇന്ത്യൻ നിരത്തുകളിലെത്തിയത്.  
 
ഇതോടെ കിയയുറ്റെ ആകെ വിൽപ്പനയിൽ 50 ശതമാനത്തിന്റെ കുതിപ്പുണ്ടായി. 21,022 വാഹനങ്ങളാണ് നവംബർ മാസം മാത്രം കിയ വിഴഴിച്ചത്. ഇതിൽ 9,205 യൂണിറ്റുകൾ സെൽറ്റോസാണ്. വിപണിയിൽ പുറത്തിറങ്ങി അധികം വൈകാതെ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന മിഡ്‌സൈഡ് എസ്‌യുവി എന്ന ബഹുമതി സെൽടോസ് നേടിയിരുന്നു. സോണറ്റിനായുള്ള ബുക്കിങ് 50,000 കടന്ന് മുന്നേറുകയാണ്. 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 
 
ടെക് ലൈൻ ജി ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണികളിലാണ് വാഹനം വിപണിയിൽ എത്തിയിരിയ്ക്കുന്നത്. HTE, HTK, HTK+,HTX, HTX+,GTX+ എന്നിങ്ങനെയാണ് സോണറ്റിന്റെ വകഭേതങ്ങൾ. ഹ്യുണ്ടായ്‌യുടെ ചെറു എസ്‍യുവിയായ വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് സോണറ്റും ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിലത് തോന്നുകയില്ല. വാഹനത്തിന്റെ ഡിസൈൻ ശൈലിയിൽ അത്രത്തോളം മാറ്റങ്ങൾ ഉണ്ട്. കിയയുടെ അടയാളമായ ടൈഗർ നോസ് ഗ്രില്ലും മെഷ് പാറ്റേണും സോണറ്റിന് കരുത്തൻ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളും ഡിഎൽആറും ഒത്തിണക്കിയാണ് നൽകിയിരിക്കുന്നത്. ടെയിൽ ലാംപുകളുടെ ഡിസൈൻ സെൽടോസിനെ ഓർമിപ്പിക്കും. ഡ്യുവൽ ടോൺ അലോയ് വീലുകളും വാഹനത്തിന്റെ സ്പോട്ടീവ് ലുക്കിൽ പ്രധാന ഘടകമാണ്.
 
ഇന്റീരിയർ പ്രീമിയമാണ് എന്ന് പറയാം. സെൽടോസിൽ നൽകിയിരിക്കുന്ന അതേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സോണറ്റിലുമുള്ളത്. 1.2 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേതങ്ങളിലാണ് സോണറ്റ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 1.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന് 83 ബിഎച്ച്പി വരെ കരുത്ത് ഉത്പദിപ്പിയ്ക്കാനും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഈ എഞ്ചിനൊപ്പം ഉണ്ടാവുക..
 
1.0 ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 120 ബിഎച്ച് പി കരുത്ത് സൃഷ്ടിയ്ക്കും. ക്ലച് രഹിത മാനുവൽ ട്രാൻസ്മിഷനായ ആറു സ്പീഡ് ഐഎംടി ഗീയർബോക്സിലും, ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗീയർബോക്സും ഈ എൻജിനൊപ്പം ലഭ്യമാകും. 1.5 ലീറ്റർ നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് എൻജിന് ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് ട്രാൻസ്മിഷനിൽ 100 ബി എച്ച്പി കരുത്തും 240 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കാനാകും. ഇതേ എൻജിന് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോസിൽ 115 ബിഎച്ച്പി വരെ കരുത്തും 250 എൻഎം ടോർക്കും സൃഷ്ടിക്കാനാവും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍