ഹരിയാനയിൽ ബിജെപി സഖ്യം വീണു, മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ രാജി കൈമാറി

അഭിറാം മനോഹർ

ചൊവ്വ, 12 മാര്‍ച്ച് 2024 (13:01 IST)
അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ഹരിയാണയിലെ ബിജെപി- ജെജെപി മന്ത്രിസഭ രാജിവെച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ലോകസഭാ തെരെഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജന്‍നായക് ജനതാ പാര്‍ട്ടിക്കും ബിജെപിക്കുമിടയില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി.
 
അതേസമയം ജെജെപി പിളര്‍ത്തി അഞ്ച് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്ന് സൂചനയുണ്ട്. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് തന്നെ നിശ്ചയിച്ച് പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തേക്കും. 90 സീറ്റുകളുള്ള ഹരിയാണ നിയമസഭയില്‍ 41 സീറ്റുകളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സഭയില്‍ 10 സീറ്റുകളാണ് ജെജെപിയ്ക്കുള്ളത്. ഹരിയാണ ലോഖിത് പാര്‍ട്ടിയുടെ ഒരു എംഎല്‍എയും ജെജെപിയില്‍ നിന്ന് കൂറ് മാറാന്‍ സാധ്യതയുള്ള എംഎല്‍എമാരും ചേര്‍ന്നാല്‍ ബിജെപിക്ക് മന്ത്രിസഭ രൂപികരിക്കാനാകും. കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള എം പി നായബ് സിങ് സൈനിയെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മനോഹര്‍ ലാല്‍ ഘട്ടറിനെ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
 
ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ വേണമെന്ന് ജെജെപി ആവശ്യം ഉന്നയിച്ചതോടെയാണ് ഹരിയാണയില്‍ തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഡല്‍ഹിയില്‍ വെച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സഭയില്‍ 2018ലെ നിയമസഭാ തിരെഞ്ഞെടുപ്പിന് ശേഷം ജെജെപി സഖ്യത്തിലാണ് സര്‍ക്കാര്‍ ഭരിക്കുന്നത്. കര്‍ഷക സമരവും ജെജെപിയെ സഖ്യം വിടുവാനായി പ്രേരിപ്പിച്ചതായാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍