മഞ്ഞുതടാകം സ്ഫോടനത്തിലൂടെ തകർത്തതോ ? അട്ടിമറി സാധ്യത പരിശോധിയ്ക്കുന്നു

തിങ്കള്‍, 8 ഫെബ്രുവരി 2021 (07:49 IST)
അപ്രതീക്ഷിത ദുരന്തമാണ് ഇന്നലെ ഉത്തരഖണ്ഡിലെ ചാമോലിയിൽ ഉണ്ടായത്. ഇന്ത്യ-ചൈന അതിർത്തിയിലെ തപോവൻ മേഖലലയിലെ മഞ്ഞുമലകൾക്കിടയിൽ രൂപംകൊണ്ട മഞ്ഞു തടാകം പൊട്ടിയതാണ് ദുരന്തത്തിന് കാരണമായത് എന്നാണ് വിലയിരുത്തൽ. എന്നാൽ മൈനസ് 20 ഡിഗ്രിയിൽ മഞ്ഞുറഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്ത് എങ്ങനെ ഇത്തരം ഒരു തകർച്ച ഉണ്ടായി എന്നത് സംശയകരമാണ്. ഇത് സംബന്ധിച്ച് കൂടുതൽ പഠിയ്ക്കുന്നതിനായി ഡിആർഡിഒയുടെ ഡിഫൻസ് ജിയോ ഇൻഫെർമാറ്റിക്സ് എസ്റ്റാബ്ലിഷ്മെന്റിലെ പ്രത്യേക സംഘം ജോഷിമഠിലേയ്ക്ക് തിരിച്ചു.
 
50 വർഷത്തിനിടെ ഇത്തരമൊരു അപകടം കണ്ടിട്ടില്ല എന്ന് ഡിജിആർഇ സംഘത്തിലെ പ്രതിരോധ ശാസ്ത്രജ്ഞൻ പറഞ്ഞു. മഞ്ഞുരുകാത്ത ശീതകാലത്ത് എങ്ങനെ തടാകം രൂപപ്പെട്ടു എന്നതാണ് സംശയകരം. മഞ്ഞു തടാകങ്ങളെ ശത്രുക്കൾക്ക് എതിരെ നേരത്തെ പല സേനകളും പ്രയോഗിച്ചിട്ടുണ്ട്. അപകടത്തിൽ റേനി ഋഷിഗംഗ ജലവൈദ്യുത പദ്ധതിയ്ക്ക് വലിയ കേടുപാടുകൾ തന്നെ സംഭവിച്ചു. സുപ്രധാന ജല വൈദ്യുത പദ്ധതി ആയതിനാൽ ഇത് തകർക്കാൻ മഞ്ഞുതടാകം മനപ്പൂർവം സ്ഫോടനത്തിലൂടെ തകർത്തതാണോ എന്ന് പരിശോധിയ്ക്കുന്നുണ്ട്. ഡിആർ‌ഡിഒയുടെ സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്‌മെന്റാണ് ഇത് പരിശോധിയ്ക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍