കശ്‌മീർ: ആർട്ടിക്കിൾ 370 ആഭ്യന്തര വിഷയം; ഭീകര പ്രവർത്തനം നിർത്തൂ, പിന്നെ ചർച്ചയെന്ന് പാകിസ്ഥാനോട് ഇന്ത്യ

ശനി, 17 ഓഗസ്റ്റ് 2019 (08:25 IST)
കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ആം അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന് യോഗത്തില്‍  ആവർത്തിച്ച് ഇന്ത്യ. കാശ്മീർ വിഷയത്തിൽബാഹ്യ ഇടപെടലുകൾ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു. കാശ്മീർ വിഷയം ചർച്ചചെയ്ത അടച്ചിട്ട മുറിയിൽ നടന്ന യുഎൻ രക്ഷാ സമിതി യോഗത്തിന് പിന്നാലെ  ഇന്ത്യയു‍ടെ യുഎൻ പ്രതിനിധി സൈദ് അക്ബറുദ്ദീനാണ് രാജ്യത്തിന്റെ നിലപാടുകൾ വ്യക്തമാക്കിയത്. പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
 
കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാഗംങ്ങളായ റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളുടെ നിലപാട്. എന്നാല്‍ പാകിസ്താനെ പിന്തുണക്കുന്നതായിരുന്നു ചൈനയുടെ നിലപാട്. കശ്മീരിലെ സാഹചര്യം അപകടകരമാണ്. വിഷയം പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്നും ചൈന അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് ഏകപക്ഷീയ നിലപാട് എടുക്കാനാവില്ലെന്നായിരുന്നു ചൈനയുടെ അഭിപ്രായം. 
 
അതേസമയം യോഗത്തിന് മുന്‍പ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചു പിന്തുണ ആവശ്യപ്പെട്ടു. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഉള്‍പ്പെടെ രക്ഷാസമിതിയിലെ നാലു രാഷ്ട്രങ്ങളുടെ തലവന്മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചതായും ഖുറേഷി പറഞ്ഞു. ഈ മാസം അഞ്ചിനാണ് കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം ഇന്ത്യ റദ്ദാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍