രാജി വയ്ക്കാന്‍ തയ്യാറല്ലെന്ന് കെജ്രിവാള്‍; കേന്ദ്രം പുറത്താക്കുമോ? കലങ്ങിമറിഞ്ഞ് തലസ്ഥാന രാഷ്ട്രീയം

രേണുക വേണു

വെള്ളി, 22 മാര്‍ച്ച് 2024 (09:07 IST)
Aravind Kejriwal

മദ്യനയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി റൗസ് അവന്യു കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാനാണു സാധ്യത. കെജ്രിവാളിനെ വെള്ളിയാഴ്ച പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
 
അതേസമയം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നാണ് കെജ്രിവാളിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ആം ആദ്മി ആരോപിക്കുന്നു. കെജ്രിവാള്‍ രാജിവയ്ക്കാനോ മറ്റൊരാള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനോ തയ്യാറല്ലെന്നും ജയിലില്‍ അടച്ചാല്‍ അവിടെയിരുന്ന് മുഖ്യമന്ത്രിയുടെ ചുമതല അദ്ദേഹം നിര്‍വഹിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. അറസ്റ്റിലായ കെജ്രിവാളിനെ പുറത്താക്കാന്‍ കേന്ദ്രം ശ്രമിക്കുമോ എന്നതാണ് തലസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയെ പുറത്താക്കിയാല്‍ മന്ത്രിസഭ തന്നെ ഇല്ലാതാകും. ആം ആദ്മി സര്‍ക്കാറിനെ പുറത്താക്കിയതിനു തുല്യമായി അതുമാറും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. 
 
അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരെ ആം ആദ്മി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശിക്ഷിക്കുകയോ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കെ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയെ രാജ്യത്ത് അറസ്റ്റ് ചെയ്യുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍