വീണ്ടും നിയമപോരാട്ടം: അയോധ്യാ കേസിൽ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി

റെയ്‌നാ തോമസ്

തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (16:47 IST)
അയോധ്യ കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടി മലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്. കേസിലെ പഴയകക്ഷിയായ അയോധ്യ സ്വദേശി എം സിദ്ധിഖിന്റെ പിന്തുടര്‍ച്ചാവകാശിയാണ് റാഷിദി.
 
അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
 
1934 ല്‍ ബാബറി മസ്ജിദിന്റെ മകുടങ്ങള്‍ തകര്‍ത്തതും 1949 ല്‍ പള്ളിക്കുള്ളില്‍ രാമ വിഗ്രഹങ്ങള്‍ കൊണ്ടു വെച്ചതും 1992 ല്‍ പള്ളി തകര്‍ത്തതും തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം നല്‍കിയത് തെറ്റാണ്. 
 
പള്ളി നിര്‍മിക്കാന്‍ പകരം അഞ്ചേക്കര്‍ ഭൂമി വേണമെന്ന് ഒരു മുസ്ലീം സംഘടനയും കോടതിയില്‍ ഉന്നയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കോടതിക്ക് മുന്നിലില്ലാത്ത ഒരു ആവശ്യത്തില്‍ എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. തെളിവുകളെക്കാള്‍ കൂടുതല്‍ വാക്കാല്‍ ഉള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചതെന്ന് ഹർജിയിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍